കോവിഡ് പോരാട്ടം മറയാക്കി തൊഴിലാളികളെ ചൂഷ്ണം ചെയ്യരുത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിനെതിരായ പോരാട്ടത്തിന്റെ മറവില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനോ അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിനോ മനുഷ്യാവകാശങ്ങള്‍ തകര്‍ക്കുന്നതിനോ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു.തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ അടിസ്ഥാന തത്വങ്ങളില്‍നിന്ന് വ്യതിചലിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിന് പിന്നാലെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത വിഷയവും ഉയര്‍ത്തി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുമെന്ന സൂചനയാണ് രാഹുലിന്റെ പ്രസ്താവന നല്‍കുന്നത്.

അതിനിടെ, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവവുമായ ജയറാം രമേശും രംഗത്തെത്തി.

സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും ഉത്തേജകത്തിന്റെയും പേരില്‍ തൊഴില്‍, ഭൂമി, പരിസ്ഥിതി നിയമങ്ങള്‍ അയവുവരുത്തുന്നത് അപകടകരവും വിനാശകരവുമാണെന്നാണ് ജയറാം രമേശ് പറഞ്ഞത്.

‘സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും ഉത്തേജകത്തിന്റെയും പേരില്‍, മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതുപോലെ തൊഴില്‍, ഭൂമി, പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും അയവുവരുത്തുന്നത് അപകടകരവും വിനാശകരവുമാണ്. ആദ്യ നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇത് നോട്ടുനിരോധനം പോലുള്ള ഒരു നടപടിയാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിന് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനിരിക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കിയിരുന്നു.സാമ്പത്തികരംഗം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രഖ്യാപിച്ചിരുന്നു.

Top