സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കും: എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം കനത്ത ഭീതിയുടെ നിഴലിലാണ്. കൊറോണ സംസ്ഥാനത്തെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്. പല മേഖലകളും ഇപ്പോള്‍ നിശ്ചലമായികൊണ്ടിരിക്കുകയാണ്. വൈറസിനെ പേടിച്ച് ആളുകള്‍ വീട്ടിലിരിക്കുന്നത് കൊണ്ട് തന്നെ പൊതു ഗതാഗത സംവിധാനവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.നികുതി അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് കെഎസ്ആര്‍ടിസിക്കും ഉണ്ടായിരിക്കുന്നത്.പ്രതിദിനം ഒന്നര കോടിയോളം രൂപയുടെ കുറവാണ് വരുമാനത്തിലുണ്ടായതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top