ലോക് ഡൗണ്‍; ജോര്‍ദാനില്‍ കുടുങ്ങി പൃഥിരാജും ആടുജീവിതം സിനിമാ സംഘവും !

കൊച്ചി: കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്നതിനാല്‍ ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലോക് ഡൗണില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ പൃഥിരാജും ആടുജീവിതം സിനിമാ സംഘവും.

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരുമാസം മുമ്പായിരുന്നു സംവിധായകന്‍ ബ്ലസിയും നടന്‍ പൃത്ഥ്വിരാജും അടക്കമുള്ള 58 സംഘം ജോര്‍ദാനിലെത്തിത്. നിലവില്‍ ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് സംഘം കുടുങ്ങി കിടക്കുന്നത്.

ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു.സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കുന്നതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക് ഡൗണ്‍ മൂലം മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ കാലയളവില്‍ ഇവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ, ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നുണ്ട്.

Top