സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 12 പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്തുനിന്ന് വന്നവരാണ് (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്ഹി-2, കര്‍ ണാടക-2) എത്തിയവരാണ്.

അതേസമയം, 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര് റിമാന്റ് തടവുകാരനും തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനുമാണ്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട് എന്ന വാര്‍ത്ത ആശ്വാസകരമാണ്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടുകയും ചെയ്തു.

എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ ആകെ 97,247 പേരാണ് സംസ്ഥാനത്ത് എത്തിയത്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര് വീടുകളിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് 4 പ്രദേശങ്ങളെയാണ് കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിലാക്കിയത്. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Top