കൊറോണയേക്കാൾ ഭീകര വൈറസ് ചില മനുഷ്യരുടെ മനസ്സിലാണുള്ളത് !

രണം വാതിലില്‍ മുട്ടി വിളിച്ചാലും എണീക്കാന്‍ താല്‍പ്പര്യമില്ലാത്ത ചിലരുണ്ട് നമ്മുടെ നാട്ടിലും.അവരാണിപ്പോള്‍ വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ചൈനക്ക് സാധിച്ചത് നമുക്ക് സാധിക്കുമോ എന്ന സംശയത്തിന് പ്രധാന കാരണവും ഇത്തരക്കാരാണ്. ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബം മുതല്‍ കാസര്‍ഗോഡ് ഭീതി വിതച്ചയാള്‍വരെ നാട്ടില്‍ വിതച്ചത് കൊലയാളി വൈറസുകളെയാണ്.

കൊറോണ ലോകത്ത് നാശം വിതച്ചു കൊണ്ടിരിക്കുന്നത് അറിഞ്ഞിട്ട് തന്നെയാണ് ഇവര്‍ ഈ പ്രവര്‍ത്തിയും ചെയ്തിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ല തന്നെ ഒറ്റപ്പെട്ട രൂപത്തിലേക്കാണ് കാര്യങ്ങള്‍ ഒടുവില്‍ പോയിരിക്കുന്നത്. ജനങ്ങളെല്ലാം പരിഭ്രാന്തരായത് വിദേശത്ത് നിന്നും എത്തിയ ഒറ്റ വ്യക്തി മൂലമാണ്. ഇയാള്‍ മൂലം എം.എല്‍.എമാരും ഇപ്പോള്‍ ക്വാറന്റീന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറും ചെയ്തത് വലിയ തെറ്റാണ്. ലണ്ടനില്‍ നിന്നെത്തിയ അവര്‍ ഈ വിവരം മറച്ചുവയ്ക്കുകയാണുണ്ടായത്.സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കനികയുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എം.പിയും ക്വാറന്റീന്‍ ചെയ്യപ്പെട്ടു കഴിഞ്ഞു.ഇതോടെ രാജ്യത്തെ 96 എം.പിമാരും നിലവില്‍ വലിയ ഭീതിയിലാണ്.

രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ ദുഷ്യന്ത് സിങ് പങ്കെടുത്തതും ആരോഗ്യ പ്രവര്‍ത്തകരെ ഏറെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും സ്വയം ക്വാറന്റീന്‍ ചെയ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

കൊറോണ ബാധിച്ചവരും അവരുമായി ഇടപെട്ടവരും കാണിക്കുന്ന അനുസരണക്കേടിന് രാജ്യമാണ് വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നത്.

ചൈന അതിജീവിച്ചതു പോലെ അതിജീവിക്കാം, എന്ന മുന്‍ ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതും ഇനി അങ്ങ് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

അത് ചൈനയാണ്. ഇത് ഇന്ത്യയും. ഏകാധിപത്യ ഭരണവും ജനാധിപത്യ ഭരണവും തമ്മില്‍, വലിയ വ്യത്യാസമാണുള്ളത്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഒരു തീരുമാനം എടുത്താല്‍ അത് കര്‍ശനമായും നടപ്പാക്കിയിരിക്കും.

രോഗബാധിതരും അവരുമായി ഇടപഴുകിയവരും റോഡില്‍ ഇറങ്ങി നടന്നപ്പോള്‍ ചൈനീസ് പൊലീസും പട്ടാളവും നേരിട്ട രീതി തന്നെ അതിന് ഉദാഹരണമാണ്. ഓടിച്ചിട്ട് പിടിച്ച് ശരിക്കും കൈകാര്യം ചെയ്യുകയാണ് ചൈനീസ് സുരക്ഷാ സേനകള്‍ ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച ചിലര്‍ ബോധപൂര്‍വ്വം മറ്റുള്ളവരിലേക്ക് അത് പടര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അവരെ വെടിവെച്ച് കൊല്ലുന്ന സംഭവം പോലും അവിടെ ഉണ്ടായി.

ഒരു വിട്ടുവീഴ്ചയും നല്‍കാത്ത നടപടിയായിരുന്നു അത്. ഇന്ത്യയെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ഇത്തരമൊരു നടപടി സങ്കല്‍പ്പിക്കാന്‍ കഴിയുകയില്ല. അതു തന്നെയാണ് ചൈനയും മറ്റു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും.

കൊറോണ ബാധിതരുടെ വീടുകള്‍ പുറത്ത് നിന്നും സീല്‍ ചെയ്ത് അവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തതും ചൈനീസ് സൈന്യമാണ്.

ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയ ചൈനീസ് ഭരണകൂടത്തിന്റെ തീരുമാനവും ഏറെ നിര്‍ണ്ണായകമായിരുന്നു.

വൈറസ് ബാധയേറ്റ് തെരുവില്‍ പിടഞ്ഞ് വീണവരെ കണ്ട് ആദ്യം അന്തംവിട്ട ചൈന, പിന്നീട് കാര്യങ്ങള്‍ സ്വയം നിയന്ത്രണത്തിലാക്കുകയാണ് ചെയ്തിരിക്കുന്നത്.

കൊറോണയെ നേരിടാന്‍ ആധുനിക സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിച്ച രാജ്യവും ചൈന തന്നെയാണ്.

പ്രൈവസിയേക്കാള്‍ മൂല്യം മനുഷ്യ ജീവനാണെന്നതാണ് ചൈനയുടെ നിലപാട്. കൊറോണയൊക്കെ വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അവര്‍ ജാഗ്രതയിലായിരുന്നു. 30 മില്യന്‍ ഫേഷ്യല്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ അടങ്ങുന്ന സിറ്റിസന്‍ സര്‍വൈലന്‍സ് സിസ്റ്റവും, ബിഗ് ഡാറ്റ, മെഷ്യന്‍ ലേര്‍ണിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളും ഇതില്‍ ഏറെ ശ്രദ്ധേയമാണ്. ഇവ ഉപയോഗിച്ച് വികസിപ്പിച്ച് എടുത്ത ‘കൊറോണ ക്‌ളോസ് ഡിറ്റക്ഷന്‍’ ആപ്പും, കൂടാതെ ഡ്രോണുകള്‍ അടക്കമുള്ളവയും ഉപയോഗപ്പെടുത്തിയാണ് ചൈന കൊറോണയെ നേരിട്ടിരിക്കുന്നത്. ലോകം കണ്ട് പഠിക്കേണ്ട മാതൃകയാണിത്.

ലോകത്താകമാനം പ്രതിദിനം രോഗം വ്യാപിക്കുന്നത് ആയിരങ്ങളിലേക്കാണ്. ചൈന ഒഴികെ മറ്റെരു രാജ്യത്തിനും ഈ മഹാമാരിയെ അതി ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല.

വൈറസ് ബാധയെ തുടക്കത്തില്‍ ലാഘവത്തോടെ കണ്ട പല രാജ്യങ്ങളും സ്ഥിതി കൈവിട്ടുപോയെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണിപ്പോള്‍.

ലോകത്ത് ഈ കഴിഞ്ഞ 24 മണിക്കൂറില്‍ ആയിരത്തിലേറെ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ജാഗ്രത പാലിക്കേണ്ട മിനിമം ഭയമെങ്കിലും നമുക്കും തോന്നേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അതിപ്പോഴും തോന്നിയിട്ടില്ല.

കൊറോണ കേസുകളുടെ ഇപ്പോഴത്തെ ഈ ‘ഇരട്ടിപ്പ്’ ഞെട്ടിക്കുന്നതാണ്. ഇന്ത്യയെ കാത്തിരിക്കുന്നതാകട്ടെ വലിയ അപകടങ്ങളുടെ മുന്നറിയിപ്പുമാണ്.

ഇതൊരു യുദ്ധമാണ്. ഇന്ത്യയിലെ ഓരോ പ്രദേശങ്ങളിലെയും ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്താനുള്ള യുദ്ധം. ഈ യുദ്ധത്തില്‍ നാം ഓരോരുത്തരും പടയാളികളാണ്. ഈ രാജ്യത്തിന് വേണ്ടി നമ്മള്‍ അത് ചെയ്‌തേ മതിയാകൂ. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ ഇന്‍ഫെക്ഷന്‍ ബാധിച്ചവരുടെ എണ്ണം ഇരട്ടിയായത് വലിയ ആശങ്കയുണര്‍ത്തുന്നതാണ്.

ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 270 പിന്നിട്ട് കഴിഞ്ഞു. ഈ ഘട്ടത്തില്‍ എന്ത് കൊണ്ട് നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ചോദിച്ചാല്‍, വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് തന്നെയാണ് അതിനുള്ള ഉത്തരം. ആവശ്യത്തിന് ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ലെന്നതും, കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ പകര്‍ച്ചവ്യാധി ഒളിഞ്ഞ് കിടക്കുന്നതും രാജ്യത്തിന് വെല്ലുവിളിയാണ്. ഇത് തന്നെയാണ് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

മാര്‍ച്ച് 20ന് മാത്രം ഇന്ത്യയില്‍ പുതുതായി 63 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച വരെ 173 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് നിന്നാണ് ഈ കുതിപ്പ്. സാമൂഹിക വ്യാപനം തടയാന്‍ വിവിധ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലും പ്രഖ്യാപിച്ച് കഴിഞ്ഞു.

രാജ്യത്ത് ഉടനീളം അടിയന്തരമായി പരിശോധനകള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധി പൊടുന്നനെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന അവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയില്ല. സാമൂഹിക വ്യാപനം നമ്മള്‍ അറിയാതെ നിശബ്ദമായി തുടങ്ങി കഴിഞ്ഞെന്നാണ് ഭരണകൂടവും ഭയപ്പെടുന്നത്. ഇതിനെ പിടിച്ചുകെട്ടാന്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുക മാത്രമാണ് ഏക പോംവഴിയായുള്ളത്.

8500ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സൗത്ത് കൊറിയ രോഗത്തെ പ്രതിരോധിച്ചത് വന്‍തോതില്‍ ടെസ്റ്റിംഗ് നടത്തിക്കൊണ്ടാണ്. യുഎസില്‍ 82,000 പേരെ മാത്രം ടെസ്റ്റ് ചെയ്തപ്പോഴേക്കും മാരക രോഗം കുതിച്ചുയരുകയാണുണ്ടായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ഇതുവരെ 14,376 ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇത് ലോകത്തിലെ ഏറ്റവും ചുരുങ്ങിയ പരിശോധനാ നിരക്ക് കൂടിയാണ്.

17 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ എല്ലാ മാളുകളും അടച്ചിടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ട് കഴിഞ്ഞു. പലവ്യജ്ഞന കടകള്‍ക്കും, ഫാര്‍മസികള്‍ക്കും മാത്രമാണ് ഇളവുള്ളത്. 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്ര, മാര്‍ച്ച് മാസം മുഴുവന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം നടപടികള്‍ ഫലം കാണണമെങ്കില്‍ ഇന്ത്യക്കാര്‍ ഒരു കാര്യം ചെയ്‌തേ മതിയാകൂ, അത് സര്‍ക്കാര്‍ കൊറോണയ്ക്കെതിരായി പ്രഖ്യാപിക്കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി അനുസരിക്കുക എന്നത് മാത്രമാണ്.

Staff Reporter

Top