തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം; 6 കണ്ടെയ്ന്‍മെന്റ് സോൺ കൂടി

തിരുവനന്തപുരം: ഇന്നലെ 7 പേര്‍ക്കു കൂടി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആറ് പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ആറ്റുകാല്‍ (വാര്‍ഡ് നമ്പര്‍ 70), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവിടങ്ങളാണ് കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.

ചാല, പാളയം തുടങ്ങിയ പ്രധാനചന്തകളില്‍ കഴിഞ്ഞദിവസം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പുതുതായി 827 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്നത് ആശങ്കയുളവാക്കി. വള്ളക്കടവ്, മണക്കാട്, ചിറയിന്‍കീഴ്, തമിഴ്‌നാട് സ്വദേശികള്‍ക്കാണു കോവിഡ് ബാധിച്ചത്. പുത്തന്‍പാലം വള്ളക്കടവ് സ്വദേശി (60) വിഎസ്എസ്സിയിലെ റിട്ട. ഉദ്യോഗസ്ഥനാണ്. 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി. രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയും (41) വിഎസ്എസ്സിയിലെ ഉദ്യോഗസ്ഥനാണ്. ഇവര്‍ക്കു രണ്ടു പേര്‍ക്കും യാത്രാ പശ്ചാത്തലമില്ല.

മണക്കാട് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആളിനും (50) ഭാര്യയ്ക്കും (42) അവരുടെ മകനും (15) രോഗം സ്ഥിരീകരിച്ചു. ഇവര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നു. ഇവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. ചിറയിന്‍കീഴ് സ്വദേശി (68) മഹാരാഷ്ട്രയില്‍ നിന്നും തമിഴ്‌നാട് സ്വദേശി തമിഴ്‌നാട്ടില്‍ നിന്നുമെത്തിയതാണ്. ജില്ലയില്‍ പുതുതായി 827 പേര്‍ രോഗനിരീക്ഷണത്തിലായി.

422 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയത് ആശ്വാസമായി. 22873 പേര്‍ വീടുകളിലും 1583 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 28 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 170 പേര്‍ നിരീക്ഷണത്തിലുണ്ട്. 550 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ 108 പേര്‍ വന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 73 പേരും കര്‍ണാടകയില്‍ നിന്ന് 25 പേരും തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതവുമാണ് എത്തിയത് . ഇതില്‍ 32 പേര് റെഡ് സോണിലുള്ളവര്‍. എല്ലാവരെയും വീട്ടില്‍ നിരീക്ഷണത്തില്‍ അയച്ചു. തലസ്ഥാനത്ത് ഉറവിടമറിയാത്ത രോഗവ്യാപനം കണക്കിലെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം ജില്ലയിലെ എം.എല്‍.എമാരുടെയും കോര്‍പറേഷനില്‍ കക്ഷിനേതാക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗം വിളിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.

Top