രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,356 ആയി; രോഗം ബാധിച്ച് മരിച്ചത് 273 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 900 പുതിയ കോവിഡ് കേസുകള്‍. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,356 ആയി ഉയര്‍ന്നു. 273 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34 മരണങ്ങളാണ്.

കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 716 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

അതേസമയം രാജ്യത്തെ ആശങ്കയിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈ ധാരാവിയില്‍ 15 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 43 ആയി ഉയര്‍ന്നു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുമായിരുന്നുവെന്നാണ് ശനിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ 14ന് അവസാനിക്കും. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല .

Top