നിലപാട് കടുപ്പിച്ച് കര്‍ണാടക; ഇത് മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി

കൊച്ചി: കാസര്‍ഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. അതിര്‍ത്തി അടച്ചതിനെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി കാണേണ്ടതില്ലെന്നും രൂക്ഷമായ രോഗബാധയുണ്ടായ സ്ഥലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കുയാണ് ചെയ്യുന്നതെന്നും എജി വാദിച്ചു.

കേരളത്തിലേക്കുള്ള അതിര്‍ത്തി മാത്രമല്ല അടച്ചിരിക്കുന്നതെന്നും മഹാരാഷ്ട്ര, ഗോവ അതിര്‍ത്തികളും അടച്ചിട്ടുണ്ടെന്നും എജി ചൂണ്ടിക്കാട്ടി.കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ കര്‍ണാടക അടച്ചതിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദത്തിനിടെയാണ് സംസ്ഥാനം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ അവരെ വേര്‍തിരിച്ചു കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കര്‍ണാടകം.

രോഗികളെ പോലും കടത്തിവിടാത്ത കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് രോഗം കൊണ്ടുമാത്രമല്ല ആളുകള്‍ മരിക്കുന്നത്. മറ്റു കാരണങ്ങള്‍ കൊണ്ട് മരിച്ചാല്‍ ആരു ഉത്തരം പറയുമെന്നും കോടതി ആരാഞ്ഞു.

Top