കയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടില്ല; നല്ലൊരു നാളെക്കായി നമുക്ക് വീട്ടില്‍ തന്നെയിരിക്കാം

കൊവിഡിനെ പ്രതിരോധിക്കാനായി രാജ്യം മുഴുവന്‍ ലോക് ഡൗണിലാണ്.സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്. അവശ്യ സര്‍വ്വീസുകളെയും ചരക്ക് ഗതാഗതത്തേയും മാത്രമേ ഈ ലോക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു.

എന്നാല്‍ അധികൃതരുടേയും പൊലീസിന്റേയുമൊക്കെ നിര്‍ദ്ദേശങ്ങള്‍ വകവെയ്ക്കാതെ ചിലരെല്ലാം ഇപ്പോഴും സംഭവത്തിന്റെ ഗൗരവ്വം മനസ്സിലാക്കാതെ അനാവിശ്യ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇപ്പോഴും പുറത്ത് കറങ്ങി നടക്കുകയാണ്. ഇത് അധികൃതരെ ഏറെ ആശങ്കപ്പെടുത്തുകയും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. ഇപ്പോഴിതാനമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് വേണ്ടി നമുക്ക് വീട്ടില്‍ കഴിയാമെന്നാണ് ആസിഫ് അലി പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ആസിഫ് ഇക്കാര്യം പറയുന്നത്.

രാജസ്ഥാനില്‍ നിന്ന് ചിത്രീകരണം കഴിഞ്ഞ ശേഷം തിരിച്ചെത്തിയ താനിപ്പോള്‍ 11 ദിവസമായി ക്വാറന്റൈനില്‍ കഴിയുകയാണെന്നും വീട്ടില്‍ പോകാന്‍ സാധിച്ചിട്ടില്ലെന്നും ആസിഫ് പറയുന്നു.

എനിക്കറിയാം നിങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയായിരിക്കും. നല്ലൊരു നാളെക്കായി നമുക്ക് വീട്ടില്‍ തന്നെയിരിക്കാം. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നത്. സമൂഹ വ്യാപനം ഇല്ലാതിരിക്കാന്‍ നമ്മള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണം. മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യമുണ്ട്. കയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും വൈറസ്. അതുകൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. നമ്മളെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി നമ്മള്‍ അത് ചെയ്യണമെന്നും ആസിഫ് അലി പറഞ്ഞു.

Top