അഭ്യൂഹങ്ങള്‍ക്ക് വിട, കൊറോണ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ല!

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട. അത്തരം നിഗമനങ്ങള്‍ തെറ്റാണെന്ന് ചൂണ്ടികാണിക്കുകയാണ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.

രോഗം ബാധിച്ചവര്‍ ചുമക്കുകയോ തുമ്മുകയോ മറ്റ് ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെയോ മാത്രമാണ് രോഗം പകരുകയുളളൂ. അതിനാല്‍ വൈറസ് ബാധിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിധത്തിലുളള അപകടവും ഇല്ലെന്നാണ് രണ്‍ദീപ് ഗുലേറിയ പറയുന്നത്. മരിച്ചയാളെ മറവുചെയ്യാന്‍ സമ്മതിക്കാത്ത സംഭവങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ പ്രതികരണം. മൃതദേഹത്തില്‍ നിന്ന് രോഗം പകരുമെന്ന ഭീതിയില്‍ മരിച്ചവരുടെ വീടുകളില്‍ പോലും പലരും പോയിരുന്നില്ല.

കേരളത്തെ ആശങ്കയിലാഴ്ത്തിയിരുന്ന നിപ്പയും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എബോളയും കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. രോഗി മരിച്ചാലും ഇവയുടെ വൈറസുകള്‍ ചാകില്ലായിരുന്നു. മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്ന് മൃതദേഹങ്ങള്‍ ആശുപത്രി അധികൃതര്‍ തന്നെ കത്തിക്കുകയായിരുന്നു പതിവ്. ആ ധാരണയാണ് ഇപ്പോള്‍ കൊറോണയുടെ കേസില്‍ ജനങ്ങളെ ഭയത്തിലാഴ്ത്തിയിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് കൊറോണ ബാധിച്ച് ഒരു കര്‍ണാടക സ്വദേശിയും ഒരു ഡല്‍ഹി സ്വദേശിയുമാണ് മരണപ്പെട്ടത്. അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 88 ആയി ഉയര്‍ന്നിട്ടുണ്ട്.

Top