കാസര്‍കോട് മുംബൈയില്‍ നിന്നെത്തിയ 32പേരെ ഐസൊലേഷന്‍ ക്യാംപില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍ നിന്നും എത്തിയ 32 അംഗ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന കാസര്‍കോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയിരിക്കുന്നത്.

വലിയപറമ്പ് പടന്നക്കടപ്പുറം ഗവര്‍ണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് താത്കാലികമായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്.അടുത്ത 14 ദിവസം വരെ ഇവര്‍ നിരീക്ഷണത്തിലായിരിക്കും. നിലവില്‍ ഇവരിലാര്‍ക്കും രോഗലക്ഷണങ്ങളില്ലെങ്കിലും മുന്‍ കരുതലിന്റെ ഭാഗമായാണ് അവരെ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലിയില്‍ നിലവില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. അടുത്ത രണ്ടാഴ്ച ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുക.

നിലവില്‍ സംസ്ഥാനത്ത് 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 49 പേരാണ് ചികിത്സയിലുള്ളത്.

കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയിലുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്ത് മൂന്നു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ എല്ലാവരും ഗള്‍ഫില്‍നിന്ന് വന്നവരാണ്.

സംസ്ഥാനത്ത് ആകെ 53,013 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്നലെ 70 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.3,716 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2566 എണ്ണം രോഗബാധയില്ല എന്ന് സ്ഥിരീകരിച്ചിരുന്നു

Top