തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കൊവിഡ്; 4000 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഹസ്രത് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് തബ്ലീഗിന്റെ ഡല്‍ഹി ആസ്ഥാനമായ ‘മര്‍ക്കസ് നിസാമുദ്ദീനി’ല്‍നിന്ന് 2100 ആളുകളെ ഡല്‍ഹി പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിന് പുറമേ രാജ്യമെമ്പാടും 2137 പേരാണ് ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തിലുള്ളത്.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ഇവരുടെ യാത്രാവഴി കണ്ടുപിടിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് .നിസ്സാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ 50, ഡല്‍ഹി 24, തെലങ്കാന 21, ആന്ധ്ര പ്രദേശ് 21, ആന്‍ഡമാന്‍ 10, അസം 1, ജമ്മു കശ്മീര്‍ 1 എന്നിങ്ങനെയാണു സമ്മേളനത്തില്‍ പങ്കെടുത്തു കോവിഡ് പോസിറ്റീവ് ആയവരുടെ ഇതുവരെയുള്ള ഔദ്യോഗിക കണക്ക്.

ആറ് നിലയുള്ള പള്ളി കോംപ്ലക്സില്‍ മാര്‍ച്ച് 21 ന് 1746 പേരുണ്ടായിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മലേഷ്യ, തായ്ലന്‍ഡ്, സൗദി അറേബ്യ, മ്യാന്‍മാര്‍, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗണ്ട്, ഫ്രാന്‍സ്, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ സമ്മേളനത്തിനെത്തിയിരുന്നു. ടൂറിസ്റ്റ് വിസയിലാണ് 300 വിദേശികളും പങ്കെടുത്തിരുന്നത്.

തെലങ്കാനയില്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങിയ ആറ് പേരാണ് മരിച്ചത്. ശ്രീനഗറില്‍ മരിച്ച വൃദ്ധന്‍ ഇവിടം സന്ദര്‍ശിച്ച് മടങ്ങിയതാണെന്ന് വ്യക്തമായിട്ടുമുണ്ട്.

ആരുടെയും തെറ്റു കണ്ടുപിടിക്കേണ്ട സമയമല്ല ഇപ്പോഴെന്നും പരമാവധി കേസുകള്‍ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനാണു മുന്‍ഗണനയെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

Top