കേരളത്തിന് വീണ്ടും ആശ്വാസം; കാസര്‍ഗോഡ് കോവിഡിനോട് പൊരുതി ജയിച്ചത് 15 പേര്‍

കാസര്‍കോട്: കേരളത്തിന് വീണ്ടും ആശ്വാസം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന 15 പേര്‍ ഇന്ന് രോഗമുക്തരായി. കോവിഡ് രണ്ടാം ഘട്ടത്തിലെ ആദ്യ രോഗി ഉള്‍പ്പടെ 15 കാസര്‍കോട് സ്വദേശികളാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍, പരിയാരം മെഡിക്കല്‍ കോളജ് ചികിത്സയിലുണ്ടായിരുന്ന ആറ് പേര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്രപേര്‍ക്ക് രോഗം ഭേദമാകുന്നത്. ഇതോടെ ജില്ലയില്‍ ആശുപത്രി വിട്ടവരുടെ എണ്ണം 22 ആയി.

നിലവില്‍ 138 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് കൊവിഡ് നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം നിലവില്‍ കേരളത്തില്‍ കുറഞ്ഞു വരികയാണ്. പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണമെന്നതും കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടുന്നതാണ്.

Top