വിശപ്പുരഹിത കേരളം; സംസ്ഥാനത്ത് ഒരുങ്ങിയത് 748 കമ്യൂണിറ്റി കിച്ചണുകള്‍

തിരുവനന്തപുരം കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏപ്രില്‍ 14വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണം കിട്ടാത്തവരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴിതാ നിര്‍ദ്ദേശം കിട്ടി മൂന്നാം ദിവസമായപ്പോഴേക്കും സംസ്ഥാനത്ത് തുടങ്ങിയത് 748 കമ്യൂണിറ്റി കിച്ചനുകളാണ്.ധനമന്ത്രി തോമസ് ഐസക്കാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

തെരുവുകളില്‍ ഉറങ്ങുന്ന 1860 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിച്ചിട്ടുള്ളത്. ജോലി ഇല്ലാത്ത അതിഥി തൊഴിലാളികള്‍ക്കായി 35 ലേബര്‍ ക്യാമ്പുകളും ഇതിനകം സംസ്ഥാനത്ത് തുറന്ന് കഴിഞ്ഞു.

എറണാകുളം ജില്ലയിലെ 82 പഞ്ചായത്തുകളില്‍ 74 പഞ്ചായത്തുകളിലായി 79 സമൂഹ അടുക്കളകളാണ് തുറന്നത്. കൂടുതല്‍ ആവശ്യക്കാരുള്ളിടത്ത് ഒന്നിലധികം അടുക്കള തയ്യാറാക്കിയിട്ടുമുണ്ട്. കൂടാതെ എട്ടിടങ്ങളില്‍ക്കൂടി സമൂഹ അടുക്കള തുറക്കാന്‍ നടപടിയായി കഴിഞ്ഞു.

കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് ഈ കമ്മ്യൂണിറ്റി അടുക്കള പ്രവര്‍ത്തിപ്പിക്കുന്നത്. സ്‌കൂള്‍, ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്. ഗ്രാമീണ മേഖലയില്‍ 36 ഉം നഗരപ്രദേശത്ത് എട്ടും അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Top