കൊവിഡ് വാക്‌സിന്‍ നിറച്ച ട്രക്കുകള്‍ രാജ്യത്തെ 13 ഇടങ്ങളിലേയ്ക്ക് പറന്നു

പൂനെ: രാജ്യത്ത് വിതരണം ചെയ്യാനുള്ള കൊവിഡ് വാക്സിനുകള്‍ വഹിച്ച ട്രക്കുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു. കൊവിഡ് വാക്സിനുകള്‍ നിറച്ച മൂന്ന് ട്രക്ക് വാഹനങ്ങളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പൂനെയില്‍ നിന്നും പൂനെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. പ്രത്യേകം താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സിനുകള്‍ വിമാനത്താവളത്തിലേക്ക് എത്തിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൂനെയില്‍ നിന്നും സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ട്രക്കുകള്‍ വിമാനത്താവളത്തിലെത്തിച്ചത്.

വിമാനത്താവളത്തിലെത്തിച്ച വാക്സിനുകള്‍ വഹിച്ച് കാര്‍ഗോ വിമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച രാജ്യത്തിന്റെ 13 സ്ഥലങ്ങളിലേക്ക് പറന്നു. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരു, കര്‍നാല്‍, ഹൈദരാബാദ്, വിജയവാഡ, ഗുവാഹട്ടി, ലക്നൗ, ചണ്ഡിഗര്‍ ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് വാക്സിനുകള്‍ വഹിച്ച കാര്‍ഗോ വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ എത്തുക. ഓരോ ട്രക്കിലും 478 കൊവിഡ് വാക്സിന്‍ ബോക്സുകളാണ് ഉണ്ടാകുക. ഒരോ ബോക്സിനും 32 കിലോഗ്രാം തൂക്കം വരും.

അടുത്ത ദിവസങ്ങളില്‍ തന്നെ 5  ട്രക്ക് കൊവിഡ് വാക്സിനുകള്‍ മൂന്ന് സംസ്ഥാനങ്ങളിലേക്കായി പുറപ്പെടും, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് അടുത്ത ദിവസം കൊവിഡ് വാക്സിനുകള്‍ എത്തുക. വാക്സിനുകള്‍ എത്തിക്കാന്‍ പ്രത്യേകം തയാറാക്കിയ ട്രക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കൂള്‍ എക്സ് കോള്‍ഡ് ചെയിന്‍ ലിമിറ്റഡ് ആണ്. രാജ്യത്ത് ആദ്യഘട്ട കൊവിഡ് വാക്സിനേഷനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1.1 കോടി കൊവിഡ് വാക്സിന്‍ ഡോസിനാണ് സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ആദ്യ ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ജനിവരി 16 മുതല്‍ ആരംഭിക്കും. നാല് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഡ്രൈ റണ്‍ അടക്കം വാക്സിന്‍ വിതരണത്തിനുള്ള മറ്റ് സജ്ജീകരണങ്ങളെല്ലാം രാജ്യത്തിന്റെ എല്ലാ ഭാഗത്തും അതത് സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൊവിഡിനെതിരെ പോരാടുന്ന മുന്‍നിക പോരാളികളായ പൊലീസ്, സൈന്യം എന്നിവര്‍ക്കാകും നല്‍കുക. 60 വയസിനു മുകളില്‍ പ്രായമായവര്‍ക്കും ആദ്യഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കും.

Top