കൊവാക്‌സിന് അനുമതി നല്‍കിയത് അനധികൃതമായെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കൊവാക്‌സിന് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. മൂന്നാം ഘട്ട പരീക്ഷണത്തിന് മുന്‍പ്, വാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കുന്നതിന് മുന്‍പേ ഭാരത് ബയോടെകിന് അനുമതി നല്‍കിയെന്ന മിനിട്‌സ് രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഐ.സി.എം.ആറും ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്റെ പരീക്ഷണം മറ്റ് ജീവികളില്‍ ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് മാത്രമാണ് ഭാരത് ബയോടെക് നല്‍കിയിരുന്നത്. ജനുവരി ഒന്നിനും രണ്ടിനും ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിന്റെ മിനുട്‌സില്‍ വൈരുധ്യം പ്രകടമാണ്.

ഭാരത് ബയോ ടെക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മറ്റ് ജീവികളില്‍ നടത്തിയ വാക്സിന്‍ പരീക്ഷണം ഗുണപ്രദവും സുരക്ഷിതവുമാണെന്ന് മാത്രമാണ് സമിതിയുടെ മിനുട്‌സില്‍ ഉള്ളത്. ഇത് പരിഗണിച്ച് ക്ലിനിക്കല്‍ പരീക്ഷണം എന്ന നിലയില്‍ അടിയന്തിര ആവശ്യം വന്നാല്‍ വാക്സിന്‍ ഉപയോഗിക്കാമെന്ന ശുപാര്‍ശയാണ് ആദ്യം സമിതി നല്‍കിയത്. ഒപ്പം ഭാരത് ബയോ ടെക് മൂന്നാം ഘട്ട പരീക്ഷണം തുടരണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സമിതി ജനുവരി ഒന്നിന് വ്യക്തമാക്കി.

എന്നാല്‍, ജനുവരി രണ്ടിന് സമിതി നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ എന്ന നിലയില്‍ കൊവാക്സിന് നേരത്തെ അനുമതി നല്‍കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

Top