കോവിഡ് വാക്‌സിന്‍ അനുമതി; മരുന്നു കമ്പനികള്‍ തമ്മില്‍ കലഹം

ന്യൂഡല്‍ഹി:കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓഫ് ഇന്ത്യയും കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും തമ്മില്‍ കലഹം. വാക്‌സിന്റെ കാര്യക്ഷമതയ്ക്ക് നേരെ ആരോപണം ഉയര്‍ന്നതോടെ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി ഭാരത് ബയോടെക്ക് എംഡി കൃഷ്ണ എല്ല തന്നെ നേരിട്ട് രംഗത്തു വന്നിരുന്നു. ഏറ്റവും ആദ്യം കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച് ഉപയോഗ അനുമതി നേടിയ അമേരിക്കന്‍ കമ്പനിയായ ഫൈസറിനോളം മികവുള്ള കമ്പനിയാണ് ഭാരത് ബയോടെക്കെന്നും ആഗോളനിലവാരത്തില്‍ 15ഓളം വാക്‌സിനുകളും അസംഖ്യം മരുന്നുകളും തങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും കൃഷ്ണ എല്ല അവകാശപ്പെട്ടിരുന്നു.

കൊവിഡ് ഷില്‍ഡ് നിര്‍മ്മാതാക്കളായ അസ്ട്രാസെനെക്ക, ഓക്‌സ്ഫര്‍ഡ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് കൃഷ്ണ എല്ല നടത്തിയത്. അസ്ട്രസെനെക്കയെ പോലെയാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചിരുന്നതെങ്കില്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് തങ്ങളുടെ കമ്പനി ഇതിനോടകം പൂട്ടിപ്പോയേനെയെന്നും കൃഷ്ണ പ്രതികരിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് വന്ന വളണ്ടിയര്‍മാര്‍ക്ക് ആദ്യം പാരസെറ്റാമോള്‍ ഗുളിക കൊടുത്ത ശേഷമാണ് കൊവിഷില്‍ഡ് വാക്‌സിന്‍ നല്‍കിയതെന്നും കൃഷ്ണ എല്ല പരിഹസിച്ചു.

വാക്‌സിന്റെ വിജയസാധ്യത കൃത്യമായി പ്രസിദ്ധീകരിക്കും മുന്‍പ് കൊവാക്‌സിന് അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്പനികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസിഎംആറും പൂണെ ആസ്ഥനമായ ദേശീയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും ചേര്‍ന്നാണ് കൊവാക്‌സിന്‍ നിര്‍മ്മിച്ചത്.

ഫൈസര്‍,മൊഡേണ, കൊവിഷില്‍ഡ് എന്നിവ മാത്രമാണ് നിലവില്‍ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച സുരക്ഷിതമായ വാക്‌സിനുകളെന്നും മറ്റുള്ളവയെല്ലാം വെറും വെള്ളം മാത്രമാണെന്നും നേരത്തെ സെറം ഇന്‍സിറ്റിയൂട്ട് മേധാവി അദര്‍ പൂനാവല ഒരു ടെലിവിഷന്‍ പരിപാടിയില്‍ പരിഹസിച്ചിരുന്നു.

Top