കോവാക്‌സിന് 2-3 മാസത്തിനകം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കും; കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സീനായ കോവാക്‌സിനു ലോകാരോഗ്യ സംഘടന 2-3 മാസത്തിനുള്ളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയിലാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, വാക്‌സീന്റെ അംഗീകാരത്തിനായുള്ള വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കു ജൂലൈ ഒന്‍പതിനു നല്‍കിയിരുന്നു. സെപ്റ്റംബര്‍-ഒക്ടോബറോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്.

എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ അറിയിച്ചത് ‘അടുത്ത 4-6 ആഴ്ചയില്‍’ കോവാക്‌സിന് അംഗീകാരം കിട്ടുമെന്നായിരുന്നു. അതായത് ഓഗസ്റ്റില്‍. ഇതില്‍ നിന്നു വ്യത്യസ്തമായ വിവരമാണു കേന്ദ്ര സര്‍ക്കാര്‍ സഭയെ അറിയിച്ചത്. കോവിഡ് ഭീഷണി മാറിയിട്ടില്ലാത്തതിനാല്‍, കോവാക്‌സിന് അനുമതി കിട്ടുന്നതു വാക്‌സിനേഷന്റെ വേഗം കൂട്ടുന്നതിലടക്കം വലിയ മാറ്റമുണ്ടാക്കുമെന്നാണു കരുതുന്നത്.

കോവിഡ് വാക്‌സിനേഷന്‍ പദ്ധതിക്കായി 35,000 കോടി രൂപയാണു സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ രാജ്യസഭയെ അറിയിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി, 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഡിസംബറോടെ കുത്തിവയ്പ് നല്‍കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

 

Top