കോവാക്‌സിന് അനുമതി നല്‍കിയ തീരുമാനം അപക്വം; ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പ് അനുമതി നല്‍കിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പരീക്ഷണം പൂര്‍ത്തിയാക്കിയ ഓക്‌സ്ഫഡ് വാക്‌സിന്‍, കോവിഷീല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.

വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു. രാവിലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാക്‌സിന് അനുമതി നല്‍കിയതായി ഡിജിസിഐ അറിയിച്ചത്.

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിജിസിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. അത് വിശദമായി വിദഗ്ധസമിതി പരിശോധിച്ചു. അതിന് ശേഷമാണ് അനുമതി നല്‍കിയതെന്ന് ഡിജിസിഐ വ്യക്തമാക്കി. കൊവിഷീല്‍ഡ് വാക്‌സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി.

കൊവിഷീല്‍ഡ് ഡോസിന് 250 രൂപ കമ്പനി നിര്‍ദ്ദേശിച്ചു. കൊവാക്‌സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഈ വാക്‌സിനുകള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്റെ മൂന്നാംഘട്ടപരീക്ഷണം നവംബര്‍ മധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നല്‍കേണ്ട കൊവാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്.

അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും നിലവില്‍ അടിയന്തരഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.

Top