കൊവാക്‌സിന്‍ 78 ശതമാനം ഫലപ്രദം; മൂന്നാം ഘട്ട പരീക്ഷണ ഫലം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് ഭാരത് ബയോട്ടെക്. മൂന്നാം ഘട്ട പരിശോധനയുടെ ഫലം പുറത്തുവിട്ടുകൊണ്ടാണ് ഭാരത് ബയോട്ടെക് ഇക്കാര്യം അറിയിച്ചത്. വാക്‌സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

രാജ്യത്ത് ഏറ്റവുമധികം ആളുകളില്‍ പരിശോധന നടത്തിയ വാക്‌സിന്‍ തികച്ചും ഗുണകരമാണെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിര്‍മ്മിത വാക്‌സിന്‍ കൂടിയാണ് കൊവാക്‌സിന്‍

2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ 24,419 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും മറ്റുളളവര്‍ക്ക് പ്ലാസിബോയുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ ആര്‍ക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി.

18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്‌സീന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്‌സീന്‍ ഫലപ്രദമായി.

ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63 ശതമാനം വാക്‌സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്‌സീന്‍ 65 ശതമാനം ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.

Top