കോവാക്‌സിന്‍ പരീക്ഷണം; പാര്‍ശ്വഫലങ്ങളില്ല, നിരീക്ഷണം തുടരുമെന്ന്

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ‘കോവാക്സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം വിജയകരം. ഡല്‍ഹിക്കാരനായ മുപ്പതുകാരനിലാണ് വാക്സിന്‍ ആദ്യം കുത്തിവെച്ചത്.

യുവാവില്‍ ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റര്‍ വാക്സിനാണ് ഇയാളില്‍ കുത്തിവെച്ചത്. അടുത്ത ഒരാഴ്ച ഇയാളെ നിരീക്ഷണ വിധേയമാക്കുമെന്നും റായി വ്യക്തമാക്കി.

ശനിയാഴ്ച ഏതാനും പേരില്‍ക്കൂടി വാക്സിന്‍ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്സിന്‍ പരീക്ഷണത്തിനായി എയിംസില്‍ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരില്‍ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്സില്‍ കുത്തിവെക്കുക.

ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ക്ക് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടുണ്ട്.

എയിംസിലുള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലാണ് വാക്‌സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം നടക്കുക. ആദ്യഘട്ടത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത 18 മുതല്‍ 55 വയസുവരെയുള്ള 375 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം. ഇവരില്‍ 100 പേരെ പരീക്ഷണത്തിനായി നിയോഗിക്കുന്നത് എയിംസിലേക്കായിരിക്കും.

രണ്ടാം ഘട്ടത്തില്‍ 12 വയസുമുതല്‍ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടത്തില്‍ ഇതിലുമധികം ആളുകളില്‍ പരീക്ഷണം നടത്തും.

Top