കോവാക്‌സിന്‍ വാങ്ങാനൊരുങ്ങി ബ്രസീല്‍; ആദ്യഘട്ടത്തില്‍ 5 ദശലക്ഷം ഡോസുകള്‍

റിയോ ഡി ജനീറോ: ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്സിന്‍ വാങ്ങാനൊരുങ്ങി ബ്രസീല്‍. ഇന്ത്യന്‍ മരുന്നുനിര്‍മാണ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്സിന്‍ ക്ലിനിക്സ് പ്രാഥമിക നടപടി ആരംഭിച്ചു കഴിഞ്ഞു. കോവാക്സിന്റെ അവസാനഘട്ട പരീക്ഷണം കൂടി പൂര്‍ത്തിയാകേണ്ടതുണ്ടെങ്കിലും ഇന്ത്യയില്‍ അടിയന്തരഘട്ടത്തില്‍ നിയന്ത്രിത ഉപയോഗത്തിനായി ഇന്നലെ അനുമതി ലഭിച്ചിരുന്നു.

വാക്സിന്റെ അഞ്ച് ദശലക്ഷം ഡോസുകള്‍ വാങ്ങാന്‍ ബയോടെക്കുമായി ധാരണയിലെത്തിയതായി ബ്രസീല്‍ സംഘടന വെബ്സൈറ്റിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ അന്തിമ തീരുമാനം ബ്രസീലിയന്‍ ആരോഗ്യ നിയന്ത്രണവകുപ്പിന്റേതായിരിക്കും. കോവിഡ് മരണസംഖ്യയില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. വാക്സിന്‍ വിതരണം വൈകുന്നതില്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയും ഭരണകൂടവും രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.

സ്വകാര്യ ആരോഗ്യസംവിധാനം ജനങ്ങള്‍, പ്രത്യേകിച്ച് സമ്പന്നവിഭാഗം കൂടുതല്‍ പ്രയോജനപ്പെടുത്തണം എന്ന ആശയത്തിലൂന്നിയാണ് വാക്സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനുള്ള തീരുമാനത്തിലെത്തിയതെന്ന് എബിസിവിഎസി വ്യക്തമാക്കി. പൊതുവിതരണ സംവിധാനത്തില്‍ മുതിര്‍ന്ന പൗരര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. വാക്സിന്‍ എല്ലാവരിലുമെത്തിക്കാന്‍ സ്വകാര്യവിപണി ലക്ഷ്യമിടുന്നതായും ഇന്ത്യന്‍ വാക്സിന്‍ ഏറെ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞതായും എബിസിവിഎസി പ്രസിഡന്റ് ജെറാള്‍ഡോ ബര്‍ബോസ വ്യക്തമാക്കി.

Top