‘നിങ്ങളുടെ വളർത്തുനായയെ നിലയ്ക്ക്‌ നിർത്തൂ…’ ചന്ദ്രബാബു നായിഡുവിനോട് കെസിനേനി

ഹൈദരാബാദ്: ചന്ദ്രബാബു നായിഡുവിനെയും ടിഡിപിയെയും പ്രതിസന്ധിയിലാക്കി പാർട്ടിയിലെ ഒരു എംപികൂടി രംഗത്ത്. വിജയവാഡ എംപി കെസിനേനി ശ്രീനിവാസ് നാനിയാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് സൂചന നൽകി ട്വീറ്റ് ചെയ്തത്. ‘നിങ്ങളുടെ വളർത്തുനായയെ നിലയ്ക്ക്‌ നിർത്തൂ…’ എന്നായിരുന്നു വിജയവാഡ എംപിയുടെ ട്വീറ്റ്.

”ചന്ദ്രബാബു നായിഡു സർ, നിങ്ങൾക്ക് എന്നെപ്പോലുള്ളവരെ പാർട്ടിയിൽ വേണ്ടെന്നാണെങ്കിൽ ഞാൻ പാർലമെൻറ് അംഗത്വവും പാർട്ടി അംഗത്വവും രാജി വയ്ക്കാം. അല്ലാ, എന്നെപ്പോലുള്ളവരെ വേണമെന്നുണ്ടെങ്കിൽ താങ്കളുടെ വളർത്തുനായയെ നിയന്ത്രിക്കണം” – കെസിനേനി ശ്രിനിവാസ് ട്വീറ്റ് ചെയ്തു.

ടിഡിപിയുടെ നിയമസഭാംഗം ബുദ്ധ പ്രസാദ് വെങ്കണ്ണയ്‌ക്കെതിരെയാണ് കെസിനേനിയുടെ പ്രസ്താവന. നായിഡുവുമായി വളരെ അടുപ്പമുള്ളയാളാണ് ബുദ്ധ പ്രസാദ് വെങ്കണ്ണ.

നിലവിൽ നാല് എംപിമാരാണ് ടിഡിപിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. പാർട്ടി അംഗങ്ങളുടെ കൂറുമാറ്റം നായിഡുവിനും പാർട്ടിയ്ക്കും തലവേദനയായിരിക്കുകയാണ്.

കെസിനേനിയും ബുദ്ധ പ്രസാദ് വെങ്കണ്ണയും തമ്മിൽ കഴിഞ്ഞ ദിവസം പരസ്പരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.നാല് വാക്ക് പറയാൻ വയ്യാത്തവർ പോലും ഇപ്പോൾ ട്വീറ്റ് ചെയ്യുന്നുവെന്നാണ് കെസിനേനി വെങ്കണ്ണയെ പരിഹസിച്ചത്. എങ്ങനെയാണ് കെസിനേനി ഒരൊറ്റ നമ്പർപ്ലേറ്റ് എല്ലാവാഹനങ്ങൾക്കും ഉപയോഗിക്കുന്നതെന്നും എങ്ങനെ മുൻ സ്പീക്കർ ജിഎംസി ബാലയോഗിയുടെ സമ്പത്ത് കൈക്കലാക്കിയെന്നും എല്ലാവർക്കുമറിയാമെന്ന് വെങ്കണ്ണയും തിരിച്ചടിച്ചു.

അതേസമയം താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ കെസിനേനി നിഷേധിച്ചു.

Top