ഗവർണ്ണർ പ്രീതിപ്പെടുത്തുന്നത് ആരെ ? പദവി മറന്ന പ്രതികരണം തിരിച്ചടിക്കും

വിയോജിപ്പുകള്‍ വിളിച്ചു പറയുന്നത് ഏത് ഗവര്‍ണറായാലും അത്, ആ പദവിയുടെ അന്തസ്സിന് ചേര്‍ന്ന പണിയല്ല. ഇക്കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ടു പഠിക്കേണ്ടത് മുന്‍ ഗവര്‍ണ്ണര്‍ പി.സദാശിവത്തെയാണ്.

ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ആക്ടീവിസ്റ്റായ ഗവര്‍ണ്ണറാണെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ് തന്നെ പറയുന്നത്. വിമര്‍ശിച്ചാല്‍ തിരിച്ചും പറയുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ആക്ടീവിസം കാണിക്കാനുള്ള പദവിയല്ല ഗവര്‍ണ്ണറുടെ പദവിയെന്നതുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഗവര്‍ണര്‍ വേണമെന്നാണ് ഭരണഘടനയുടെ 153-ാം ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്നത്. ആര്‍ട്ടിക്കിള്‍ 154 പ്രകാരം സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് ഭരണ നിര്‍വ്വഹണ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. രാഷ്ട്രപതി നേരിട്ടു ഗവര്‍ണരെ നിയമിക്കുമെന്ന് ആര്‍ടിക്കിള്‍ 155 വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറുടെ ഭരണകാലാവധി അഞ്ചു വര്‍ഷമാണ്. രാഷ്ട്രപതിയുടെ ഇഷ്ടാനുസരണമാണ് ഗവര്‍ണര്‍ക്ക് അധികാരത്തില്‍ തുടരാനാവുക. ഇതാകട്ടെ കേന്ദ്രസര്‍ക്കരിന്റെ ശുപാര്‍ശയിലുമായിരിക്കും. ഇന്ത്യന്‍ പൗരനായിരിക്കണമെന്നും, 35 വയസ്സു പൂര്‍ത്തിയായിരിക്കണമെന്നതുമാണ് ഗവര്‍ണറാകാനുള്ള പ്രധാന മാനദണ്ഡം.

ആര്‍ട്ടിക്കിള്‍ 168 അനുസരിച്ച് സംസ്ഥാന നിയമനിര്‍മ്മാണ വിഭാഗം, ഗവര്‍ണറും നിയമസഭയും ഉള്‍പ്പെട്ടതാണ്. രണ്ടു സഭകളുള്ള സംസ്ഥാനങ്ങളില്‍ സ്വാഭാവികമായും ഉപരിസഭയും ഇതിന്റെ ഭാഗമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു സഭ മാത്രമേ ഉള്ളൂ. തടവുപുള്ളികള്‍ക്ക് മാപ്പനുവദിക്കുക, ശിക്ഷയില്‍ ഇളവ് നല്കുക എന്നീ അധികാരങ്ങള്‍ ആര്‍ട്ടിക്കിള്‍ 161 പ്രകാരം ഗവര്‍ണര്‍ക്കുള്ളതാണ്. ഇത് പല ഗവര്‍ണര്‍മാരും, വ്യാപകമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. ആര്‍ട്ടിക്കിള്‍ 164(1) അനുസരിച്ചാണ് ‘ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെയും നിയമിക്കും.

ഭരണഘടനയുടെ ഭാഗം 6, അധ്യായം 3-ല്‍ ആര്‍ട്ടിക്കിള്‍ 196-ഉം 201-ഉം അടക്കം നിയമ നിര്‍മ്മാണപ്രക്രിയക്ക് കീഴില്‍ ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഗവര്‍ണര്‍മാരെ ആധുനിക ജനാധിപത്യത്തിലെ ‘വില്ലന്മാരാക്കി’യാണ് മാറ്റുന്നത്. ബില്ലുകള്‍ അംഗീകരിക്കാനുള്ള ഗവര്‍ണരുടെ അധികാരങ്ങളെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 200-ഉം 201-ഉം അതിനുള്ള സമയപരിധി വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ, ഗവര്‍ണര്‍ക്ക് ബില്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭ അയയ്ക്കുന്ന ബില്ലിന്‍മേല്‍ അനന്തമായി അടയിരിക്കുകയുമാകാം വിചിത്രമായ രീതിയാണിത്.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ അപാകതയുണ്ടെങ്കില്‍ അത് ഒപ്പിടാതെ ഗവര്‍ണ്ണര്‍ക്ക് രാഷ്ട്രപതിക്കയക്കാം. ഇനി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ഇഷ്ടപ്പെട്ടിട്ടില്ലായെങ്കില്‍ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കുകയുമാകാം. ഇതിനെല്ലാം ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കേണ്ടിയിരുന്നത്. അല്ലാതെ ആക്ടീവിസ്റ്റുകളെ പോലെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച് ഷോ കാണിക്കുകയല്ല വേണ്ടിയിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ എന്നത് ഏത് പാര്‍ട്ടി ഭരിച്ചാലും ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സംവിധാനമാണ്. ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാറിനു തന്നെയാണ് അധികാരം കൂടുതലുള്ളത്. ഗവര്‍ണ്ണര്‍ ഭരണമല്ല, ജനാധിപത്യ ഭരണമാണ് നാട്ടില്‍ നടക്കുന്നത്. ഇക്കാര്യം ആരിഫ് മുഹമ്മദ് ഖാന്‍ മറന്നുപോകരുത്.

വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള കരട് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടില്ലങ്കില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാറിനും അധികാരമുണ്ട്.

ഉള്ള വാര്‍ഡില്‍ പോലും എങ്ങനെ ജയിക്കും എന്നാലോചിച്ച് തല പുകയ്ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ച് കൂടുതല്‍ വാര്‍ഡുകള്‍ കൂട്ടുന്നത് ഇപ്പോള്‍ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

അതുകൊണ്ടാണ് ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ ഗവര്‍ണ്ണര്‍ക്ക് പരാതി കൊടുത്തിരിക്കുന്നത്.

പൗരത്വ വിഷയത്തില്‍ ഒരേ നിലപാടുള്ള ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും രണ്ട് ചേരിയാക്കാനുള്ള ഈ അവസരം ഗവര്‍ണ്ണര്‍ ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

യു.ഡി.എഫിന്റെ തനിനിറം കൂടിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. രാജിവെച്ച് പോയില്ലങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലന്ന് ഗവര്‍ണ്ണര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് കോണ്‍ഗ്രസ്സാണ്. അവരുടെ നേതാവ് കെ.മുരളീധരനാണ് പരസ്യമായി പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിലാണ് ഗവര്‍ണ്ണര്‍ക്കെതിരെ മുരളീധരന്‍ ആഞ്ഞടിച്ചിരുന്നത്. ആ പാര്‍ട്ടിയുടെ നേതാവായ പ്രതിപക്ഷ നേതാവാണിപ്പോള്‍ ഗവര്‍ണ്ണര്‍ക്ക് പിന്തുണ നല്‍കി ന്യായീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.

മതേതര കേരളം ഒറ്റ മനസ്സായി പ്രതികരിക്കേണ്ട ഘട്ടത്തിലാണിപ്പോള്‍ യു.ഡി.എഫിന്റെ തനി സ്വഭാവവും പുറത്തായിരിക്കുന്നത്.

sadasivam

sadasivam

പി.സദാശിവത്തിന്റെ പിന്‍ഗാമിയായി ആരിഫ് മുഹമ്മദ് ഖാന്‍ വന്നത് മുതല്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാനാണ് ശ്രമിച്ചിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പരസ്യ വിമര്‍ശനം.

മാധ്യമങ്ങള്‍ വഴി സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനം നടത്തുന്നത് ശരിയായ നടപടിയാണോ എന്ന് സ്വയം വിമര്‍ശനപരമായി ഗവര്‍ണ്ണര്‍ തന്നെയാണ് പരിശോധിക്കേണ്ടത്. രാജ്യത്തെ മറ്റൊരു ഗവര്‍ണ്ണറും ചെയ്യാത്ത നടപടിയാണിത്.

തന്റെ വിയോജിപ്പുകള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. എല്ലാവരും ഭരണഘടനക്ക് കീഴിലാണ്. അല്ലാതെ അതിന് മുകളിലല്ല.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ പി.സദാശിവം ഇക്കാര്യം ശരിക്കും പാലിച്ചയാളാണ്.

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ പോലും പരസ്യ വിമര്‍ശനത്തിന് സദാശിവം മുതിര്‍ന്നിട്ടില്ല. ഇങ്ങനെയായിരിക്കണം ഗവര്‍ണ്ണര്‍മാര്‍.

ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അവ പൊതുസമൂഹവുമായി ചര്‍ച്ച ചെയ്യരുതെന്നത് സത്യപ്രതിജ്ഞയുടെ ഭാഗമാണ്. ഇക്കാര്യം താന്‍ പാലിക്കുന്നുവെന്നാണ് പരസ്യ പ്രതികരണത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. വിരോധാഭാസമായ പ്രതികരണമാണിത്.

ഭരണഘടനാവിരുദ്ധമായ പ്രവര്‍ത്തിയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന വിമര്‍ശനവും ഇതോടെ ശക്തമായി കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ പരസ്യമായി അദ്ദേഹം നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ലക്ഷ്മണരേഖ തന്നെ ലംഘിക്കുന്നതാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ ഗവര്‍ണ്ണറാക്കുന്നത് എന്ന കാര്യം പോലും മറന്നാണ് ഈ ഇടപെടല്‍.

തന്നെ ഗവര്‍ണ്ണറാക്കിയ കേന്ദ്ര സര്‍ക്കാറിനോട് ഗവര്‍ണ്ണര്‍ക്ക് വിധേയത്വമുണ്ടാകാം. അവരുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് കുട പിടിക്കേണ്ട ഗതികേടും ഒരു പക്ഷേ ഉണ്ടാകാം. എന്നാല്‍ മറ്റുള്ളവരും ആ താല്‍പ്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശഠിച്ചാല്‍ അതെന്തായാലും നടപ്പുള്ള കാര്യമല്ല.

തിരഞ്ഞെടുക്കപ്പെടുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും ജനങ്ങളുടെ പ്രതിനിധിയാണ് അല്ലാതെ കേന്ദ്രത്തിന്റെ വാല്യക്കാരന്‍ അല്ലന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നിലപാട് കോടതിയാണ് വ്യക്തമാക്കേണ്ടത്. എല്ലാ കാര്യവും ഗവര്‍ണ്ണറോട് ചോദിച്ച് ചെയ്യാന്‍ ഗവര്‍ണ്ണര്‍ ഭരണമൊന്നുമല്ല ഇവിടെ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ തന്നെയാണ് ഭേദഗതി പാസാക്കിയത്.ഇതിന്റെ ചുവട് പിടിച്ചാണ് സര്‍ക്കാര്‍ പരമോന്നത കോടതിയെയും സമീപിച്ചിരിക്കുന്നത്.

പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ തളളി പരസ്യമായി അഭിപ്രായം വിളിച്ച് പറഞ്ഞയാളാണ് ഗവര്‍ണ്ണര്‍. ഈ ഗവര്‍ണ്ണറോട് അഭിപ്രായം ചോദിച്ചാല്‍ എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയും ? സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെ ആദ്യം സ്വാഗതം ചെയ്ത ഗവര്‍ണ്ണര്‍ ഇരിട്ടി വെളുത്തപ്പോള്‍ മലക്കം മറിഞ്ഞതില്‍ പോലും ദുരൂഹതയുണ്ട്.

ഗവര്‍ണ്ണര്‍ ഇങ്ങനെ നിലപാട് പരസ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വിഭാഗം സംഘപരിവാര്‍ നേതൃത്വം മാത്രമാണ്. അതവരുടെ രാഷ്ട്രീയ അജണ്ടയുമാണ്. ഇക്കാര്യവും നാം കാണാതെ പോകരുത്.

Express View

Top