അർണബ് ഗോസ്വാമിയുടെ ഹർജി നാളത്തേക്ക് മാറ്റി

മുംബൈ : ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബിന്‍റെ ഹർജിയിൽ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ബോംബെ ഹൈകോടതി. അർണബ് ഗോസ്വാമിയുടെ ഹർജി ബോംബെ ഹൈക്കോടതി നാളത്തേക്ക് മാറ്റി. മഹാരാഷ്ട്ര സർക്കാരിനെയും പരാതി നല്കിയ അദ്ന്യ നായിക്കിനെയും കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം പരാതിക്കാരെക്കൂടി എതിർകക്ഷിയാക്കി ഹർജിയിൽ മാറ്റം വരുത്താൻ ബോംബെ ഹൈക്കോടതി അർണബിന് അനുമതി നൽകിയിട്ടുണ്ട്. ആത്മഹത്യപ്രേരണ കേസിൽ ജഡ്ജിയുടെ അനുമതി ഇല്ലാതെയാണ് പുനരന്വേഷണം തുടങ്ങിയതെന്നും കേസ് നേരത്തെ അവസാനിച്ചപ്പോൾ പരാതിക്കാർ എതിർത്തിരുന്നില്ലെന്നും അർണബിൻറെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക് ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ കോടതി അറസ്റ്റ് ചെയ്തത്. തന്നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും അര്‍ണബ് ആരോപിച്ചിരുന്നു. എന്നാല്‍, കോടതി ഇടക്കാലാശ്വാസം അനുവദിച്ചില്ല. ഹർജിയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വാദം കേള്‍ക്കും. കഴിഞ്ഞ ദിവസമാണ് ആത്മഹത്യക്കുറ്റം ചുമത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുംബൈ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Top