കലാഭവന്‍ മണിയുടെ മരണം:സുഹൃത്തുക്കളുടെ നുണ പരിശോധന വേണമെന്ന ആവശ്യം ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധന നടത്തുന്ന കാര്യം എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. നടന്‍ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ അടക്കം ഏഴുപേരാണ് നുണ പരിശോധന നടത്താന്‍ തയ്യാറാണ് എന്ന് കോടതിയെ അറിയിച്ചത്. മണിയുടെ മരണശേഷം കുടുംബത്തില്‍ നിന്നുളളവര്‍ അടക്കം സുഹൃത്തുക്കള്‍ക്ക് നേരെ സംശയം പ്രകടിപ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയെ ആണ് ഇവര്‍ നുണപരിശോധനയ്ക്ക് സമ്മതമാണെന്ന് അറിയിച്ചത്.

ജാഫര്‍ ഇടുക്കിയേയും സാബുവിനേയും കൂടാതെ ജോബി സെബാസ്റ്റിയന്‍, അരുണ്‍ സിഎ, എംജി വിപിന്‍, കെസി മുരുകന്‍, അനീഷ് കുമാര്‍ എന്നിവരും നുണപരിശോധനയ്ക്ക് തയ്യാറെന്ന് കോടതിയെ അറിയിച്ചിരുന്നു. നുണ പരിശോധന മാത്രമല്ല എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി പ്രതികരിക്കുകയുമുണ്ടായി. ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തീരുമാനമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെന്നുമാണ് ജാഫര്‍ പറഞ്ഞത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയില്‍ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധന വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ പരിശോധന പാടൂള്ളൂ എന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്.

മണിയുടെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. മണിയുടേത് അസ്വാഭാവിക മരണമാണ് എന്നാണ് സിബിഐയുടെ കുറ്റപത്രം. എന്നാല്‍ കുറ്റപത്രത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. നുണ പരിശോധനയ്ക്ക് തയ്യാറാകാന്‍ സിബിഐ നേരത്തെ തന്നെ ജാഫര്‍ അടക്കമുളളവരോട് ആവശ്യപ്പെട്ടിരുന്നു. സമ്മതമാണോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസും അയയ്ക്കുകയുണ്ടായി. ഈ മാസമോ അടുത്ത മാസമോ ഇവര്‍ 7 പേരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

2016 മാര്‍ച്ച് 6ന് ആണ് മണി മരണപ്പെട്ടത്. വീടിന് സമീപത്തുളള പാടിയില്‍ മരിച്ച് കിടക്കുന്ന നിലയില്‍ മണിയെ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ വ്യാജ മദ്യത്തിന്റെയും കീടനാശിനിയുടേയും അംശമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Top