ഇബ്രാഹിംകുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീക്കരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതിനായി എറണാകുളം ഡിഎംഒയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. ബോര്‍ഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കണം.

ഞായറോ തിങ്കളോ ആയി പരിശോധന നടത്താം. ചൊവ്വാഴ്ച രാവിലെ 11ന് മുമ്പ് കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് കിട്ടണമെന്ന ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളി. വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആശുപത്രിയിലായ ഇബ്രാംഹിംകുഞ്ഞിന്റെ ആരോഗ്യനില വ്യക്തമായി അറിയുന്നതിനാണ് വിജിലന്‍സ് കോടതി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാര്‍ സംഘത്തിലുണ്ടായേക്കും. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാകും ഇബ്രാംഹികുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക.

Top