ന്യായാധിപർക്കും സാക്ഷികൾക്കുമെതിരെ ഭീഷണി അരുതെന്ന് ഡോണൾഡ് ട്രംപിനോട് കോടതി

വാഷിങ്ടൻ: ന്യായാധിപരെയും കൂറുമാറിയ മുൻ സഹപ്രവർത്തകരെയും ഡോണൾഡ് ട്രംപ് അധിക്ഷേപിക്കുന്ന തൊഴിവാക്കാൻ കോടതി വീണ്ടും ഉത്തരവിറക്കി. ട്രംപ് കക്ഷിയായ കേസുകളിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും പ്രസംഗങ്ങളിലും ഭീഷണിസ്വരത്തിൽ സംസാരിക്കുന്നെന്ന് ആരോപിച്ചാണ് ഡിസ്ട്രിക്ട് ജഡ്‍ജി ടാന്യ ചുട്കൻ ഉത്തരവു പുനഃസ്ഥാപിച്ചത്. ഉത്തരവിൽ ഇളവ് അനുവദിച്ചപ്പോഴെല്ലാം അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലം അട്ടിമറിച്ച് ട്രംപ് അധികാരം പിടിക്കാൻ ശ്രമിച്ചെന്നാരോപിച്ചുള്ള കൊളറാഡോ, മിനസോഡ സംസ്ഥാനങ്ങളിലെ കേസുകളുടെ വാദം അടുത്ത ഘട്ടത്തിലേക്ക് കടന്നു. കൊളറാഡോയിൽ ഈയാഴ്ച മുഴുവൻ വാദം നീളും. ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ വിജയിയായി അംഗീകരിക്കാൻ 2021 ജനുവരി 6നു കൂടിയ പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയത് ട്രംപിന്റെ ഭരണഘടനാവിരുദ്ധ നടപടിയായി വ്യാഖ്യാനിച്ചാണ് എതിർകക്ഷികളുടെ വാദം. അടുത്ത തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന ബാലറ്റിൽ ട്രംപിന്റെ പേരുവരുന്നതു വിലക്കിയുള്ള വിധിയാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

Top