സിറോ മലബാര്‍ സഭ ഭൂമിയിടപാട്; കര്‍ദിനാളിനെതിരെ നടപടിയെടുക്കാതെ പൊലീസ്

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതിയില്‍ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്.

സമാനമായ ആരോപണത്തില്‍ മറ്റൊരു കേസ് നിലനില്‍ക്കുമ്പോള്‍ രണ്ടാമതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തിലാണ് അവ്യക്തതയുള്ളത്. നിയമോപദേശം കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നാണ് വിശദീകരണം.

ഭൂമി ഇടപാടില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവര്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കുവാനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഉത്തരവിറങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷിച്ചിട്ടില്ല.

Top