ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ടു ഹാജരാകണമെന്ന് കോടതിയുടെ സമന്‍സ്

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ അടക്കമുള്ള 4 പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് തന്നെ ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമ തടസമില്ല. ആനക്കൊമ്പ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്‍കിയ കുറ്റപത്രം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും മോഹന്‍ലാല്‍ കോടതിയില്‍ വ്യക്തമാക്കി.കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ആനക്കൊമ്പ് കൈവശം വെക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

2012 ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ മുന്‍പ് മൂന്ന് പ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം വനംവകുപ്പ് നിലപാട് മാറ്റി കേസില്‍ മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Top