സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി; ജൂലൈ 30ന് ഹര്‍ജി വീണ്ടും പരിഗണിക്കും

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജൂലൈ 30 വരെ കോടതി തടഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഹര്‍ജി തീര്‍പ്പാക്കുംവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഉത്തരവിട്ടത്. വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനുമായി ഹര്‍ജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും.

കഴിഞ്ഞയാഴ്ച കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ഇതിനിടെ പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

പാഠഭേദം മാസികയുടെ എഡിറ്റര്‍ കൂടിയായ സിവിക് ചന്ദ്രനെ പോലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് ഒരു വിഭാഗം ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് ഇനിയും വൈകിയാല്‍ ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ സിവിക് ചന്ദ്രന്‍ വിഷയത്തില്‍ പല ദളിത് ആക്സിവിസ്റ്റുകളും മൗനം പാലിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Top