Court stays case against IG Purohit-hidden agenda

രു രാഷ്ട്രീയക്കാരന്റെ പിന്നാലെയും കാര്യസാധ്യത്തിനായി പോവാത്ത… നട്ടെല്ലുയര്‍ത്തി മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന, ഉദ്യോഗസ്ഥര്‍ കേരള പോലീസില്‍ വിരളമാണ്. അത്തരം സത്യസന്ധരായ… കര്‍ക്കശക്കാരായ… ഉദ്യോഗസ്ഥരുടെ ഒരു ലിസ്റ്റ് പരിശോധിച്ചാല്‍ അതിലെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും ഐ.ജി സുരേഷ് രാജ് പുരോഹിത്. ഇക്കാര്യത്തില്‍ പോലീസ് സേനയില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.

ഈ സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ് മനഃപൂര്‍വ്വം താറടിക്കാനും കുരുക്കാനും ഏതാനും ചില പോലീസുകാരുടെ പ്രേരണയില്‍ നിരന്തരം ശ്രമം നടക്കുന്നത്.പോലീസ് അക്കാദമി ഐ.ജി യായ സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ ഐ.ജി യുടെ ഔദ്യോഗിക വാഹനം ഓടിച്ചത് ന്യായീകരിക്കുന്നില്ല. പക്ഷേ ആ ഒരു കാര്യം വ്യക്തിപരമായ വിദ്വേഷം തീര്‍ക്കുന്നതിനായി ക്യാമറയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയവരുടെ ഉദ്ദേശ്യ ശുദ്ധിയും പരിശോധിക്കപ്പെടേണ്ടതാണ്.

‘മണിയടിയില്‍’ വീഴുന്ന ഉദ്യോഗസ്ഥരുടെ ദൗര്‍ബല്യങ്ങളില്‍ മുതലെടുപ്പ് നടത്തി പരിചയമുള്ളവര്‍ക്ക് ചങ്കുറപ്പുള്ള ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം
പേടിസ്വപ്‌നമായതില്‍ അദ്ഭുതമില്ല. അതുകൊണ്ടാണല്ലോ അച്ചടക്കമുള്ള സേനയെ വാര്‍ത്തെടുക്കേണ്ട പോലീസ് അക്കാദമിയില്‍ നിന്ന് തന്നെ ഇടക്കിടെ നിറം പിടിപ്പിച്ച കഥകള്‍ പുറംലോകമറിയുന്നത്.

വാര്‍ത്താ ‘സോഴ്‌സ്’ കാക്കിപ്പടയില്‍ നിന്ന് തന്നെയാകുന്നതിനാല്‍ പല വാര്‍ത്തകളും ക്രോസ്സ് ചെക്ക് ചെയ്യാതെ കൊടുക്കുന്ന മാധ്യമ ധര്‍മ്മമാണ് ഇവിടെ ഒരു വിഭാഗം ഐ.ജി ക്കെതിരെയുള്ള ആയുധമാക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും മുന്നില്‍ കണ്ണ് നിറച്ച് അഭിനയിക്കുന്ന അഭിനവ ‘ഐ.പി.എസ് സാമര്‍ത്ഥ്യം’ മലയാളിയല്ലാത്ത ഈ ഐ.പി.എസ് ഓഫീസര്‍ക്ക് വശമില്ലാത്തതാണ് ഇപ്പോള്‍ അദ്ദേഹത്തിന് വിനയായിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് വാഹനം ഓടിപ്പിച്ചത് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ‘പൊതുതാല്‍പ്പര്യ’ ഹര്‍ജിയില്‍ ഐ.ജി ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും വിടാതെ പിന്‍തുടരുന്നതിന് പിന്നില്‍ പോലീസിലെ ചിലരാണെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്.

ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ ഐ.ജി ക്കെതിരെ കേസെടുക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദ്ദേശിച്ചത് നിയമ വിദഗ്ധരെയും ഞെട്ടിച്ചിട്ടുണ്ട്. ‘പൊതുതാല്‍പ്പര്യ’ ഹര്‍ജിയില്‍ തന്നെയായിരുന്നു ഈ നടപടിയും എന്നതും ശ്രദ്ധേയമാണ്.

നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കോര്‍ട്ടലക്ഷ്യ നടപടി ഭയന്നും വിദഗ്ധ നിയമോപദേശം തേടി മാത്രം തുടര്‍ നടപടി സ്വീകരിക്കാനാണ് ഇപ്പോള്‍ വിയ്യൂര്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പല ഉന്നത ഉദ്യോഗസ്ഥരുടെയും ക്യാമ്പ് ഓഫീസുകളില്‍ ‘അടിമപ്പണി’ വരെ ചെയ്യേണ്ട ഗതികേട് പോലീസിലെ ഒരു വിഭാഗത്തിന് നേരിടേണ്ടി വന്നപ്പോള്‍ കണ്ണടച്ചവരാണിപ്പോള്‍ ഐ.ജി യെ പ്രതിക്കൂട്ടിലാക്കാന്‍ മത്സരിക്കുന്നത്.

മുന്‍പ് ചില ഐ.പി.എസ്. ഐ.എ.എസ് ഓഫീസര്‍മാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തു വന്നപോഴൊന്നും കേസും നിയമ നടപടിയും മാത്രമല്ല, ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ക്വയറി പോലും ഇവിടെ ആരും ആവശ്യപ്പെട്ടിരുന്നില്ല.

ഇപ്പോള്‍ പോലീസ് അക്കാദമിയില്‍ പോലീസുകാരെ പീഡിപ്പിക്കുന്നുവെന്ന് സുരേഷ് രാജ് പുരോഹിതിന് മേല്‍ കുറ്റം ആരോപിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം, ചെയ്തത് ശരിയാണെങ്കിലും തെറ്റാണെങ്കിലും മുത്തങ്ങ സമരത്തില്‍ ബന്ദിയാക്കപ്പെട്ട് രക്തത്തില്‍ കുളിച്ച് ജീവനുവേണ്ടി പിടഞ്ഞ പോലീസുകാരുടെ മോചനത്തിനുവേണ്ടി കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ‘റിസ്‌ക്’ എടുത്തത് മറുനാട്ടുകാരനായ ഈ ഐ.പി.എസുകാരനാണ്.

അന്ന് കൊല്ലപ്പെട്ടത് സുരേഷ് രാജ് പുരോഹിത് കമാണ്ടന്റായ കണ്ണൂര്‍ കെഎപി ഫോര്‍ത്തിലെ പോലീസുകാരനാണ്. റേഞ്ച് ഡി.ഐ.ജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറച്ച് നിന്നിടത്ത് ചങ്കൂറ്റത്തോടുകൂടി പോലീസ് ആക്ഷന് നേതൃത്വം കൊടുത്ത സുരേഷ് രാജ് പുരോഹിതിനെ മറ്റാര് കുറ്റം പറഞ്ഞാലും നിഷേധിച്ചാലും നിങ്ങള്‍ പോലീസുകാര്‍ അത് ചെയ്യരുത്.

കാരണം അദ്ദേഹം ഫോഴ്‌സിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രമാണ് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ തന്നെ അത് പ്രകടവുമാണ്. അടുത്തയിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സി.ഐ.എസ്.എഫും ഫയര്‍ഫോഴ്‌സും പരസ്പരം ഏറ്റുമുട്ടി ഒരു ഓഫീസര്‍ കൊല്ലപ്പെട്ട ഭയാനകമായ അന്തരിക്ഷം ശാന്തമാക്കാനും നിയോഗിക്കപ്പെട്ടവരില്‍ പ്രമുഖനും ഈ ഐ.പി.എസ് ഓഫീസര്‍ തന്നെയാണ്.

വിമാന താവളത്തിലെത്തിയ ഐജി കലിതുള്ളി നിന്നിരുന്ന സിഐഎസ്എഫുകാര്‍ക്ക് എന്ത് മുന്നറിയിപ്പാണ് അവിടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നല്‍കിയതെന്ന് അവിടെയുണ്ടായിരുന്ന പോലീസുകാരോടെങ്കിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

സെന്‍സിറ്റീവ് വിഷയങ്ങള്‍ ഉള്ളിടത്ത് നിയോഗിക്കാന്‍ സുരേഷ് രാജ് പുരോഹിതിനെ പോലെയും മനോജ് എബ്രഹാമിനെപ്പോലെയുമുള്ള വിരലിലെണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമാണുള്ളത്.

കണ്ണൂര്‍ റേഞ്ച് ഐ.ജി ആയരിക്കെ ഭരണകൂടത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങാത്തതിനാണ് സുരേഷ് രാജ് പുരേഹിതിനെ പോലീസ് അക്കാദമിയിലേക്ക് തെറിപ്പിച്ചത്. തൃശൂര്‍ റേഞ്ച് ഐ.ജി ഉദ്യോഗക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് പോയപ്പോള്‍ താല്‍ക്കാലിക ചുമതല മാത്രം നല്‍കിയ അദ്ദേഹത്തിന് സ്വയം ഒന്നു വിചാരിക്കുകയായിരുന്നുവെങ്കില്‍ പൂര്‍ണ്ണ ചുമതലയില്‍ തുടരാമായിരുന്നു.

നിയമനത്തിനു വേണ്ടി വകുപ്പുമന്ത്രിയുടെയും പ്രമുഖ ഘടകകക്ഷി മന്ത്രിയുടെയും മുന്നില്‍ തല കുനിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോള്‍ ഒതുക്കപ്പെട്ട പോസ്റ്റിലാണെങ്കിലും തല ഉയര്‍ത്തി നില്‍ക്കുന്നത്. അവിടെ അസോസിയേഷന്റെ ബലത്തില്‍ വിളച്ചിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ ‘വിവരമറിയുക’ സ്വാഭാവികം മാത്രമാണ്.

ഒരു മന്ത്രിയെയും നേതാവിനെയും വിളിച്ചിട്ട് തനിക്ക് ക്രമസമാധാന ചുമതല വേണ്ട എന്ന് പറയാന്‍ സംസ്ഥാനത്ത് എന്തായാലും പുരോഹിതിനെ പോലെ അധികം പേര്‍ കാണില്ല. കാരണം മുഖ്യമന്ത്രിയുടെ മകളുടെ മുന്നില്‍ കരഞ്ഞ് തടഞ്ഞ് വയ്ക്കപ്പെട്ട പ്രൊമോഷന്‍ സംഘടിപ്പിക്കുന്നവന്റെയും സര്‍വ്വീസില്‍ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ഐ.ജി യെ താറടിച്ചിട്ടും ഇപ്പോഴും
സര്‍വ്വീസില്‍ വിലസുന്ന എസ്.പി യുടെയും പാരമ്പര്യമല്ല സുരേഷ് രാജ് പുരോഹിതിന്റേത്.

Team Express Kerala

Top