കള്ളക്കളി! വനിത സംവിധായകര്‍ക്ക് കോടികളുടെ സഹായം, പദ്ധതിക്ക് കോടതിയുടെ സ്‌റ്റേ

കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ സംവിധായകരെ തിരഞ്ഞെടുത്ത നടപടിക്കെതിരെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചു. ആഗസ്റ്റില്‍ നടന്ന ഇന്റര്‍വ്യൂയിലൂടെ നടത്തിയ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് സംവിധായികമാരെ തെരഞ്ഞെടുത്തത് എന്ന് ചൂണ്ടികാണിച്ച് ഇന്റര്‍വ്യൂയില്‍ പങ്കെടുത്ത വിദ്യ മുകുന്ദന്‍, ഗീത, അനു ചന്ദ്ര, ആന്‍ കുര്യന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിലാണ് ഇപ്പോള്‍ സ്റ്റേ വന്നിരിക്കുന്നത്.

കോര്‍പ്പറേഷന്‍ വഴി സിനിമ നിര്‍മ്മിക്കുന്നതിന് 2 സംവിധായികമാര്‍ക്ക് ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കുന്നതായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതി ഇനി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കെഎസ്എഫ്ഡിസി വഴി സിനിമാ നിര്‍മ്മാണത്തിനായി വനിത സംവിധായകര്‍ക്ക് ഒന്നരകോടി രൂപ നല്‍കുന്ന പദ്ധതി യഥാര്‍ത്ഥത്തില്‍ ഉരുത്തിരിഞ്ഞ് വന്നത് കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. തുടര്‍ന്ന് അപേക്ഷകള്‍ ക്ഷണിക്കുകയും തിരക്കഥകള്‍ വായിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളെഴുതിയതോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും തിരക്കഥയോ പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ മാത്രമായിരുന്നു അനുവാദം.

എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപേക്ഷിച്ച സ്ത്രീകളെ വിളിച്ചു വരുത്തി അപമാനിക്കുന്ന തരത്തിലായിരുന്നു കെഎസ്എഫ്ഡിസി ചെയ്തതതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ചലചിത്ര വികസന കോര്‍പ്പറേഷന്‍ 62 തിരക്കഥകളാണ് അവസാനം തിരഞ്ഞെടുത്തത്. ഇതില്‍ നിന്നും 20 മികച്ചവ തിരഞ്ഞെടുത്ത് അവസാന റൗണ്ട് ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

വനിതാ സംവിധായകര്‍ക്ക് അവസരം എന്നു പറഞ്ഞ് പത്രപരസ്യം നല്‍കി അഭിമുഖത്തിന് വിളിച്ച കെഎസ്എഫ്ഡിസി ഇപ്പോള്‍ രണ്ടു തിരക്കഥാകൃത്തുക്കളെ സംവിധായകരെന്ന പേരില്‍ തിരഞ്ഞെടുത്തിരിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നാണ് ആരോപണം. പദ്ധതിയില്‍ സ്റ്റേ മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്നും പദ്ധതിയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായി തന്നെ കെഎസ്എഫ്ഡിസി ഹൈക്കോടതിയെ അറിയിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പ്രതികരിച്ചു.

Top