രണ്ടാമൂഴം കേസ്; ശ്രീകുമാര്‍ മേനോന് തിരിച്ചടി, മധ്യസ്ഥനെ നിയമിക്കണമെന്ന ആവശ്യം തള്ളി

കോഴിക്കോട്: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. രണ്ടാമൂഴം കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്റെ അപ്പീല്‍ ഫാസ്ട്രാക്ക് കോടതി തള്ളിയിരിക്കുകയാണ്. കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കി കൊണ്ടുള്ള കോടതി ഉത്തരവ് നില നില്‍ക്കുതാണ്.

കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും രണ്ടാംമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍നായര്‍ രംഗത്തെത്തുകയായിരുന്നു.

എന്നാല്‍, പ്രശ്‌നത്തിനുള്ള പരിഹാരം മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് ഉണ്ടാക്കണം എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എം ടിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, മധ്യസ്ഥന്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം മുന്‍സിഫ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോന്‍ അപ്പീല്‍ കോടതിയില്‍ എത്തിയത്. അപ്പീല്‍ തള്ളി കൊണ്ട് കോഴിക്കോട് ജില്ലാ ഫാസ്ട്രാക്ക് കോടതി കേസ് മുന്‍സിഫ് കോടതി തന്നെ പരിഗണിച്ചാല്‍ മതിയെന്നും വ്യക്തമാക്കി.

Top