വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറണം; കോടതി

ഡല്‍ഹി: വാര്‍ത്താ ഉറവിടം അന്വേഷണ ഏജന്‍സികളില്‍ നിന്നു മറച്ചുപിടിക്കുന്നതിന് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരമായ പരിരക്ഷയില്ലെന്ന് ഡല്‍ഹി കോടതി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ ഉറവിടം വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തള്ളിയാണ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

മുലായം സിങ് യാദവിനും കുടുംബത്തിനും എതിരായ സ്വത്തുസമ്പാദന കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് തലേന്ന് ചില വാര്‍ത്താചാനലുകളും പത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ടാണ്, കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കിയ വ്യക്തികള്‍ക്കെതിരെ കേസെടുത്തെങ്കിലും വിവരം ലഭിക്കാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ല.

കേസ് അവസാനിപ്പിക്കാന്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് അഞ്ജനി മഹാജന്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഉറവിടം വ്യക്തമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ ഇതിന്റെ പ്രാധാന്യം അന്വേഷണ ഏജന്‍സികള്‍ മാധ്യമപ്രവര്‍ത്തകരെ ബോധിപ്പിക്കണമെന്നും കോടതി പറഞ്ഞു.

Top