ദത്ത് വിവാദം; അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ജയചന്ദ്രനെതിരായ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്നതാണെന്ന് നിരീക്ഷിച്ച കോടതി, അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

അമ്മ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികള്‍. ഇതില്‍ അനുപമയുടെ അമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ദമ്പതികളായിരുന്നു കുഞ്ഞിനെ ദത്ത് എടുത്തത്. ഡിഎന്‍ എ പരിശോധനയിലൂടെ കുഞ്ഞ് അനുപമയുടേയും അജിത്തിന്റേതുമാണെന്ന് വ്യക്തമായി. ഇതോടെ കുഞ്ഞിനെ അനുപമയ്ക്ക് കോടതിയിടപെട്ട് വിട്ടുനല്‍കി.

Top