കൃത്രിമ ബില്ലുണ്ടാക്കി; സെന്‍ട്രല്‍ ടെക്സ്റ്റ് ബുക്ക് സ്റ്റോര്‍ കീപ്പര്‍ക്ക് നാലു വര്‍ഷം കഠിന തടവ്

എറണാകുളം: സെന്‍ട്രല്‍ ടെക്സ്റ്റ് ബുക്ക് സ്റ്റോര്‍ കീപ്പറെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

എറണാകുളം സെന്‍ട്രല്‍ ടെക്സ്റ്റ് ബുക്ക് സ്റ്റോറിന്റെ മട്ടാഞ്ചേരി ഗോഡൗണില്‍ പേപ്പര്‍ റീലുകള്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു എന്നു കാണിച്ചു കൊണ്ട് കൃത്രിമമായി ബില്ലുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് വിജിലന്‍സ് ജഡ്ജി ശിക്ഷ വിധിച്ചത്.

കൊച്ചി മുളവുകാട് കരിയാപുരം കെ ജെ ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും അടക്കണം. പിഴ അടക്കാതിരുന്നാല്‍ അഞ്ച് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.

2,89,908 രൂപയാണ് ഇയാളും കരാറുകാരനും തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബില്ലില്‍ കൃത്രിമമുണ്ടെന്ന് സംശയം തോന്നിയ തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ ഇത് പാസ്സാക്കാതെ മടക്കി അയച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Top