കല്ലിനു പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കോടതി ഉത്തരവ്

ഗുജറാത്ത്: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശിച്ച് കോടതി. രോഗിയുടെ കുടുംബത്തിന് ആശുപത്രി അധികൃതര്‍ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിര്‍ദേശിച്ചത്.

2012ല്‍ ഗുജറാത്തിലാണ് കേസിനാസ്പദമായ സംഭവം. ഖേദ സ്വദേശിയായ ദേവേന്ദ്ര ഭായ് റാവലാണ് മരിച്ചത്. 2011ല്‍ റാവലിന് കടുത്ത പുറംവേദനയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി. പരിശോധനയില്‍ വൃക്കയില്‍ പതിനാല് മില്ലി മീറ്റര്‍ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. ശസ്ത്രക്രിയയില്‍ കല്ലിന് പകരം വൃക്കയായിരുന്നു നീക്കം ചെയ്തത്.

റാവലിന്റെ ആരോഗ്യസ്ഥതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോള്‍ റാവല്‍ മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ രോഗി മരിച്ചത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്

Top