സീസേറിയന്‍ ശസ്ത്രക്രിയയിലെ പിഴവ്, ആശുപത്രിയും ഡോക്ടറും 2.5 കോടി നഷ്ടപരിഹാരം നല്‍കാൻ കോടതി വിധി

ബുദാബി: സീസേറിയന്‍ ശസ്‍ത്രക്രിയയിലെ പിഴവ് കാരണം യുവതി കോമ അവസ്ഥയിലായ സംഭവത്തില്‍ ആശുപത്രിയും ഡോക്ടറും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. യുവതിക്കും ഭര്‍ത്താവിനുമായി 13 ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി അപ്പീല്‍ കോടതി വിധിച്ചത്. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച ഉത്തരവ് അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു.

അറബ് യുവതിയുടെ ഭര്‍ത്താവാണ് നീതി തേടി കോടതിയെ സമീപിച്ചത്. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് തന്റെ ഭാര്യയുടെ ജീവിതം നശിപ്പിച്ചതെന്ന് അദ്ദേഹം കോടതില്‍ പറഞ്ഞു. സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ ഡോക്ടര്‍മാര്‍ സീസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജനറല്‍ അനസ്തീഷ്യ നല്‍കിയാണ് സീസേറിയന്‍ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയുടെ അവസാനഘട്ടത്തില്‍ യുവതിക്ക് ഹൃദയസ്‍തംഭനം ഉണ്ടാവുകയും കോമ അവസ്ഥയിലാവുകയും ചെയ്‍തു. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിക്ക് വയറ്റില്‍ ട്യൂബിട്ടാണ് ഭക്ഷണം നല്‍കിയത്.

Top