ട്രാഫിക് നിയമ ലംഘനം; നടന്‍ വിനായകന്റെ സഹോദന്റെ ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടികൂടിയ നടന്‍ വിനായകന്റെ സഹോദരന്‍ വിക്രമന്റെ ഓട്ടോറിക്ഷ വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് കഴിയുംവരെ വാഹനം വില്‍കരുതെന്നും ആവശ്യപ്പെട്ടാല്‍ കോടതി സമക്ഷം ഹാജരാക്കണം എന്നുമുള്ള ഉപാധിയോടെയാണ് നടപടി.

നാളെ വൈകിട്ട് 4 ന് വാഹനം എറണാകുളം സിറ്റി ട്രാഫിക് പൊലീസ് വെസ്റ്റ് സ്റ്റേഷനില്‍ നിന്നും ഇറക്കുമെന്ന് വിക്രമന്‍ പറഞ്ഞു. എംജി റോഡില്‍ നോ പാര്‍ക്കിംഗ് സ്ഥലത്ത് ഓട്ടോ നിര്‍ത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ട്രാഫിക് പൊലീസ് വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തത്.

വല്ലാര്‍പാടം ഹാള്‍ട്ടിങ് സ്റ്റേഷന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് വിനായകന്റെ സഹോദരന്‍ വിക്രമനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283ാം വകുപ്പും, മോട്ടോര്‍ വാഹന നിയമം 192 എ (1) വകുപ്പും ചുമത്തിയാണ് എഫ്‌ഐആര്‍. ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. നീ നടന്‍ വിനായകന്റെ ചേട്ടനല്ലേ എന്ന് ചോദിച്ചായിരുന്നു പൊലീസ് നടപടിയെന്ന് വിക്രമന്‍ ആരോപിച്ചു. എന്നാല്‍ വിക്രമന്‍ വളരെ മോശമായാണ് പെരുമാറിയതെന്ന് പറഞ്ഞ പൊലീസുകാര്‍, നടന്‍ വിനായകന്റെ ജേഷ്ഠനാണ് അദ്ദേഹമെന്ന് അറിഞ്ഞത് പിന്നീടാണെന്നും പറഞ്ഞു.

Top