മുന്‍ ബിജെപി എം പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ഉത്തര്‍പ്രദേശ്: മുന്‍ ബിജെപി എം പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. മാര്‍ച്ച് ആറിന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് താരത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.

ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ ഇവരെ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈല്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് ജയപ്രദ ഒളിവില്‍ പോയതായി വിലയിരുത്തി ജഡ്ജി ശോഭിത് ബന്‍സാല്‍ അറസ്റ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ജയപ്രദ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി അസം ഖാനോട് പരാജയപ്പെടുകയായിരുന്നു. 2004ലും 2009ലും എസ് പി ടിക്കറ്റില്‍ രാംപൂര്‍ എം പി ആയെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.

Top