മോഹൻലാൽ വിചാരണ നേരിടണം, ശിക്ഷിച്ചാൽ അഞ്ചുവർഷം തടവ് ശിക്ഷ

കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ കുരുക്കിലേക്ക്. കേസിൽ ജാമ്യമെടുത്ത് വിചാരണ നേരിടാൻ പെരിമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇതാടെ 2012 മുതൽ തുടങ്ങിയ വിവാദങ്ങൾക്കും നിയമ നടപടികൾക്കുമാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഈ മാസം തന്നെ കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനാണ്, മലയാളത്തിന്റെ മഹാ നടനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ്.

മാറിവന്ന കേരള – കേന്ദ്ര സർക്കാറുകൾ മോഹൻലാലിന് നൽകിയ വഴിവിട്ട സഹായത്തിനും, ഇതോടെ, റെഡ് സിഗ്നൽ ഉയർന്നിരിക്കുകയാണ്. ഇനി ഈ കേസിൽ വിചാരണ നടത്തി വിധി പറയുക കോടതിയാണ്.ഒരു സർക്കാറിനും ഇനി ഇടപെടൽ നടത്താൻ കഴിയുകയില്ല.

മോഹൻലാലിന് അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അനുമതിയാണ് പുതിയ ഉത്തരവിലൂടെ പെരുമ്പാവൂർ മജിസ്‌ടേറ്റ് കോടതി റദ്ദാക്കിയിരിക്കുന്നത്.

അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ഏലൂർ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുൻ വനം വകുപ്പുദ്യോഗസ്ഥൻ ജെയിംസ് മാത്യുവും സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ഈ ഉത്തരവ്.

മോഹൻലാലിനു എതിരേ ഉള്ള പ്രോസിക്യൂഷൻ പിൻവലിക്കാൻ ഉള്ള നടപടിയിൽ, മൂന്നാം കക്ഷിയുടെ വാദം കേൾക്കേണ്ടന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി തന്നെ റദ്ദാക്കിയിരുന്നു. ഇതോടെയാണ് കേസ് വീണ്ടും പെരുമ്പാവൂർ കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്.മൂന്നാം കക്ഷിക്ക് കേസിൽ ഇടപെടാനുള്ള അവകാശം ശരിവെച്ച ഹൈക്കോടതി, ഇരുവരുടെയും വാദം കൂടി കേട്ട് മൂന്ന് ആഴ്ചക്കകം സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടുകയായിരുന്നു.

തുടർന്നാണ് കോടതിയിൽ വിശദമായ വാദം നടന്നിരുന്നത്.മോഹൻലാലിൻ്റെ കൈവശം ഉള്ള ആനക്കൊമ്പ് നിയമ വിരുദ്ധമായി കൈവശം വച്ചിട്ടുള്ളതാണ് എന്നു പരാതിക്കാർ വാദിച്ചപ്പോൾ, ആനക്കൊമ്പിന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പ്രോസിക്യൂഷനും വാദിക്കുകയുണ്ടായി.ഇരു വാദങ്ങളും കേട്ട കോടതി വിചാരണ നടപടികൾ ആരംഭിക്കാൻ തീരുമാനിക്കുകയാണുണ്ടായത്. ഇതോടെയാണ് മോഹൻലാൽ ഇപ്പോൾ ജാമ്യമെടുക്കാനും നിർബന്ധിതമായിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ അച്ചടി, ടെലിവിഷൻ മാധ്യമങ്ങൾ അവഗണിച്ച കേസ് കൂടിയാണിത്. മോഹൻലാലിനു പകരം മറ്റാരായിരുന്നാലും അവർ കൂട്ടമായി ആക്രമിച്ച് ശരിപ്പെടുത്തുമായിരുന്നു.എന്നാൽ, ലാലിനെ സഹായിക്കാൻ മാധ്യമങ്ങളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടും, നീതിന്യായ കോടതിയിൽ ലാലിന് ചുവട് പിഴച്ചിരിക്കുകയാണ്. ഇനി പ്രതിക്കൂട്ടിൽ കയറി വിചാരണ നേരിടുന്ന ലാലിനെയാണ് കേരളം കാണാൻ പോകുന്നത്.

2012 -ൽ മോഹൻലാലിന്റെ കൊച്ചി തേവരയുള്ള വീട്ടിൽ ഇൻകംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി. സംഭവത്തിൽ വനം വകുപ്പ് കേസുമെടുത്തു. എന്നാൽ കെ കൃ‌ഷ്ണകുമാർ എന്നയാളിൽ നിന്ന് ആനക്കൊമ്പുകൾ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പിന്നാലെ യു.ഡി.എഫ് സർക്കാർ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽ‍ഡിഎഫ് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് കോടതി തള്ളിയിരിക്കുന്നത്.

പെരുമ്പാവൂർ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെളിവുകൾ ലാലിന് എതിരായതിനാൽ ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അങ്ങനെ സംഭവിച്ചാൽ, സൂപ്പർസ്റ്റാർ അഴിയെണ്ണുക തന്നെ ചെയ്യും.

Top