ശ്രീനഗര്‍: ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നു രക്ഷപെടാന്‍ യുവാവിനെ സൈനിക വാഹനത്തിനുമുന്നില്‍ മനുഷ്യകവചമായി കെട്ടിയിട്ട സംഭവത്തില്‍ മേജര്‍ ലീതുല്‍ ഗോഗോയിക്കെതിരെ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്താന്‍ സൈന്യം തീരുമാനിച്ചു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കും.
ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗോഗോയിയുടെ ജീപ്പിനു മുന്നിലാണു യുവാവിനെ കെട്ടിയിട്ടത്.
അതേസമയം, യുവാവിനെ മനുഷ്യകവചമായി ജീപ്പിനുമുന്നില്‍ കെട്ടിയിട്ട സംഭവത്തില്‍ പരാതിയുമായി ഇതുവരെ പൊലീസിനെ ആരും സമീപിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് വെള്ളിയാഴ്ച രാവിലെ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈന്യം സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
ഏപ്രില്‍ ഒന്‍പതിനു ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിനിടയ്ക്കു പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന കല്ലേറിനിടെയാണ് സൈന്യം യുവാവിനെ മനുഷ്യകവചമാക്കിയത്. ബുദ്ഗാം ജില്ലയിലെ ബീര്‍വ മേഖലയില്‍നിന്നുള്ള വിഡിയോ ആണിതെന്നാണു വിവരം.