കെവിന്‍ വധക്കേസ്; വിധി പറയുന്നത് ആഗസ്റ്റ് 22ലേയ്ക്ക് മാറ്റിവെച്ചു

kevin

കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസായ കെവിന്‍ വധക്കേസിന്റെ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 22ലേയ്ക്കാണ് വിധി പറയുന്നത് മാറ്റിയത്.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.

ദളത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം, നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെതുടര്‍ന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണു കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.

2018 മേയ് 28-നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനു സമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണു പ്രതികള്‍. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്.

കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷായിരുന്നു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.

Top