അഭിഭാഷകനുമായി പ്രണയം; മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

Dalit-girl

പട്‌ന: അഭിഭാഷകനുമായി പ്രണയത്തിലായതിന്റെ പേരില്‍ നിയമ വിദ്യാര്‍ഥിനിയായ മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ പട്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഘഗാരിയ ജില്ലാ കോടതിയുടെ ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കോടതി കേസെടുത്തത്. ഇരുപത്തിനാലുകാരിയായ മകള്‍ തേജസ്വിനിയെ വീട്ടുതടങ്കലില്‍ വെച്ചുവെന്ന കാരണത്താലാണ് കേസെടുത്തിരിക്കുന്നത്. സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചൗരസ്യയുടെ നടപടി.

2012ലാണ് തേജസ്വിനിയും സിദ്ധാര്‍ഥും പരിചയപ്പെട്ടത്. തുടര്‍ന്നാണ് പരിചയം പ്രണയമായത്. കഴിഞ്ഞ മാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസസ് പരീക്ഷയെഴുതാന്‍ അമ്മയോടൊപ്പം ഡല്‍ഹിയിലെത്തിയ തേജസ്വിനി സിദ്ധാര്‍ഥിനെ നേരില്‍ കണ്ടിരുന്നു. പ്രണയവിവരം അറിഞ്ഞതോടെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ അമ്മ തേജസ്വിനിയെയും കൊണ്ട് നാട്ടിലേക്ക് തിരികെപ്പോവുകയും ചെയ്തു.

വീട്ടിലെത്തിയ തേജസ്വിനിയെ അച്ഛന്‍ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാപിതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ച് തേജസ്വിനിയുടെ കരച്ചില്‍ കേള്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പട്‌നയിലെ വീട്ടിലെത്തി തേജസ്വിനിയെ കാണാന്‍ ശ്രമിച്ച സിദ്ധാര്‍ഥിനോട് സിവില്‍ സര്‍വ്വന്റോ ജഡ്ജിയോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തുനല്കൂ എന്ന് ചൗരസ്യ പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിനൊപ്പം സിദ്ധാര്‍ഥ് ഡിജിപി കെ.എസ്. ദ്വിവേദിയുടെ അടുത്തെത്തി പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് വീട്ടിലെത്തി തേജസ്വിനിയെ മോചിപ്പിച്ചു.

Top