കത്വ – ഉന്നാവോ ഫണ്ട്‌ തട്ടിപ്പ് : പി കെ ഫിറോസിനും സി കെ സുബൈറിനും കോടതി സമൻസ്‌ അയക്കും

മലപ്പുറം : കത്വ – ഉന്നാവോ ഫണ്ട്‌ തട്ടിപ്പിൽ മുസ്ലിം യൂത്ത്‌ ലീഗ്‌ നേതാക്കളായ്‌ പി കെ ഫിറോസിനും സി കെ സുബൈറിനും സമൻസ്‌ അയക്കാൻ കോടതി ഉത്തരവ്‌. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. 2024 ഫെബ്രുവരി ഒമ്പതിന്‌ പ്രതികൾ കോടതിയിൽ ഹാജരാകണം. പരാതിക്കാരൻ യൂസുഫ് പടനിലം നൽകിയ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌. തെളിവുകൾ ഗൗനിക്കാതെയാണ്‌ പ്രതികൾക്ക് അനുകൂലമായി 2023 ജൂണിൽ പൊലീസ്‌ റിപ്പോർട്ട്‌ നൽകിയതെന്നാണ്‌ യൂസുഫ്‌ പടനിലത്തിന്റെ ആരോപണം.

കത്വയിലും ഉന്നാവോയിലും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിനായി സമാഹരിച്ച ഒരു കോടിയോളം വരുന്ന ഫണ്ടില്‍ 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. ഫണ്ട് യൂത്ത് ലീഗ് നേതാക്കള്‍ കുടുംബത്തിന് നല്‍കാതെ വകമാറ്റിയെന്ന് യൂസഫ് പടനിലം പരാതിയിൽ പറഞ്ഞു.

പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷങ്ങള്‍ ഇരകളുടെ കുടുംബത്തിന് നല്‍കിയില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളുടെ മകനായ മുഈന്‍ അലി തങ്ങള്‍ ശരിവെച്ചിരുന്നു. ഇരയുടെ അഭിഭാഷക ഇത്തരമൊരു സഹായം കുടുംബത്തിന് ലഭിച്ചില്ലെന്നും വെളിപ്പെടുത്തുകയുണ്ടായി.

Top