court issue; medias started revenge, advocate in trouble

തിരുവനന്തപുരം :- കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ‘വിലക്കിനെതിരെ’ തിരിച്ചടിച്ച് മാധ്യമ ലോകം.

ഹൈക്കോടതി അഭിഭാഷകനും ഗവണ്‍മെന്റ് പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്ന് പിടിച്ചത് കണ്ടുവെന്ന ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവിട്ടു കൊണ്ടാണ് കോടതിയില്‍ അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ മാധ്യമങ്ങള്‍ ആഞ്ഞടിച്ചത്.

ഹൈക്കോടതിയിലും തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചതിന്റെ മൂലകാരണം ഗവ. പ്ലീഡര്‍ക്കെതിരായ വാര്‍ത്തയായിരുന്നു.

കഴിഞ്ഞ 14 ന് രാത്രി ഏഴോടെ എറണാകുളം കോണ്‍വെന്റ് ജംഗഷന് സമീപം ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പൊലീസ് കസ്റ്റഡിയിലായ അഭിഭാഷകനെതിരായ പരാതിയില്‍ നിന്ന് പിന്നീട് യുവതി പിന്മാറിയിരുന്നു.

ഇതു സംബന്ധമായി അഭിഭാഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിടുന്ന അവസ്ഥയിലേക്കും ഹൈക്കോടതിയില്‍ നിന്ന് വഞ്ചിയൂര്‍ കോടതിയിലേക്കും സംഘര്‍ഷം വ്യാപിക്കാന്‍ വഴിമരുന്നിട്ടിരുന്നത്.

അഡ്വക്കേറ്റ് ജനറലിന്റെ സാന്നിദ്ധ്യത്തിലും പിന്നീട് ഹൈക്കോടതി ജഡ്ജിമാരുടെ സാന്നിദ്ധ്യത്തിലും ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും ഇരു വിഭാഗവുമായി ചര്‍ച്ച നടന്നിരുന്നെങ്കിലും ഇരു കോടതികളിലെയും മീഡിയാ റൂം തുറക്കുന്നതു സംബന്ധമായി തീരുമാനമായിരുന്നില്ല.

മാത്രമല്ല സംസ്ഥാനത്തെ കോടതികളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വരേണ്ടതില്ലെന്നും അഭിഭാഷക സംഘടനകള്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ കോടതിയിലും ആട് ആന്റണിയുടെ വിചാരണ നടന്ന കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘത്തെ തന്നെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

മാധ്യമങ്ങളുടെ ‘കൊമ്പ്’ മുറിക്കുന്ന ഈ നടപടിക്കുള്ള തിരിച്ചടിയുടെ ഭാഗമായാണ് സംഘര്‍ഷത്തിന്റെ കാരണക്കാരനായി പറയപ്പെടുന്ന ധനേഷ് മാത്യു മാഞ്ഞൂരാന് നേരെയുള്ള ഇപ്പോഴത്തെ സംഘടിത നീക്കം.

ഒത്ത് തീര്‍പ്പാക്കിയ കേസില്‍ ദൃക്‌സാക്ഷി വിവരണം പുറത്ത് വന്നതും ധനേഷ് മാത്യുവിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നതും വീണ്ടും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി അത്യപൂര്‍വ്വ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മാധ്യമ രോഷത്തിന് വിധേയരായ ചില പ്രമുഖരാണ് അഭിഭാഷക സംഘടനകള്‍ക്ക് പിന്നില്‍ ചരട് വലിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Top