ഏഴു വയസുകാരന്റെ കൊലപാതകം: അമ്മയെ ജാമ്യത്തില്‍ വിട്ടു, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന്

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ജാമ്യത്തില്‍ വിട്ടു. തൊടുപുഴ മുട്ടംകോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.

കുട്ടിയുടെ അമ്മയെ ഇന്നാണ് അറസ്റ്റു ചെയ്തത്. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി അരുണ്‍ ആനന്ദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. മകന്റെ മരണത്തിനു ശേഷം കൗണ്‍സിലിംഗും ചികിത്സയുമായി കഴിയുകയായിരുന്നു ഇവര്‍.

അരുണ്‍ ആനന്ദിനെ മാത്രം പ്രതി ചേര്‍ത്ത് കേസില്‍ യുവതിയെ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാല്‍ അമ്മയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസ് യുവതിയെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. ഐപിസി 201, 212 വകുപ്പുകള്‍ അനുസരിച്ച് കുറ്റവാളിയെ സംരക്ഷിച്ചതിനും കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചതിനുമാണ് കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ജെജെ ആക്ട് പൊലീസ് ചുമത്തിയിട്ടില്ല.

മാനസിക ചികിത്സയ്ക്ക് വിധേയയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഏഴ് വയസുകാരന്റെ അമ്മൂമ്മയുടെ രഹസ്യ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യമൊഴി നല്‍കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇളയകുട്ടി അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്തപുരത്ത് മുത്തശ്ശനും മുത്തശ്ശിയ്‌ക്കൊപ്പമാണ് നാല് വയസുകാരന്‍ കഴിയുന്നത്.

Top