ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 15 വരെ നീട്ടി

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍ മന്ത്രി ഡി കെ ശിവകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 15 വരെ പ്രത്യേക കോടതി നീട്ടി. ശിവകുമാറിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 26 ന് ശിവകുമാര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ കോടതി ഒക്ടോബര്‍ ഒന്ന് വരെ ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. അനധികൃതസ്വത്ത് ആരോപണത്തേ തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു. എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.

നിലവില്‍ തീഹാര്‍ ജയിലിലാണ് ശിവകുമാര്‍ ഉള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.

Top