Court critisized OOmmen chandy

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിമര്‍ശനം.

കോടതിയെ രാഷ്ട്രീയ കളിക്ക് വേദിയാക്കരുത്. കോടതി രാഷ്ട്രീയക്കാരുടെ കളിക്കളമല്ലെന്നും കോടതി വിമര്‍ശിച്ചു. വിഎസിന്റെ തുടര്‍ പ്രസ്താവന വിലക്കണമെന്ന ആവശ്യവും കോടതി തള്ളി.

അതേസമയം മുഖ്യമന്ത്രി പ്രതിയായ 12 കേസുകളുടെ പട്ടിക വിഎസ് കോടതിയില്‍ ഹാജരാക്കി.

തനിക്കെതിരെ നിരവധി അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ട ഹര്‍ജി. വിഎസിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഉമ്മന്‍ചാണ്ടി പരാതി നല്‍കിയിരുന്നു.

കോടതിയില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിച്ച മുഖ്യമന്ത്രിക്കും യുഡിഎഫിനും അപ്രതീക്ഷിത തിരിച്ചടിയാണ് ജില്ലാ കോടതിയുടെ നിരീക്ഷണം. വിഎസിന്റെ പ്രഹരം ഏറ്റുവാങ്ങിയ മറ്റ് മന്ത്രിമാര്‍ ഇനി മാനനഷ്ടക്കേസുമായി ചെന്ന് ‘മാനം കെടേണ്ടെന്ന’നിലപാടിലാണെന്നാണ് അറിയുന്നത്.

അതേസമയം വിഎസിനും സിപിഎമ്മിനും കോടതിയുടെ നിലപാട് ആവേശമായിട്ടുണ്ട്.അഴിമതി കഥകള്‍ എണ്ണിയെണ്ണി പറഞ്ഞ് ശക്തമായ കടന്നാക്രമണമാണ് ഇന്നും വിഎസ് യുഡിഎഫിനെതിരെ നടത്തിയത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ കേസുകളുടെ വിവരങ്ങള്‍ കൈമാറാന്‍ മടിച്ച ലോകായുക്തയെ പോലും കടന്നാക്രമിച്ച വിഎസിന്റെ നടപടി നിയമവൃത്തങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

അഴിമതിക്കാര്‍ക്കനുകൂലമായ നിലപാട് ആരെടുത്താലും വെറുതെ വിടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

Top